അർഷ്‌ദീപ് സിങ്ങും കാമുകി സമ്രീൻ കൗറും

 
Entertainment

'മൈ പേഴ്‌സൺ' എന്ന് പറഞ്ഞ് പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ച് അർഷ്ദീപ് സിങ്; ആരാണ് നടി സമ്രീൻ കൗർ?

ഐപിഎൽ 2026 സീസൺ മുതൽ അർഷ്ദീപും സമ്രീനും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു

Sarath Nath MS

ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ് തന്‍റെ പ്രണയബന്ധം ആദ്യമായി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഏറെ നാളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടിയും മോഡലുമായ സമ്രീൻ കൗറുമായുള്ള ബന്ധം താരം ഇൻസ്റ്റഗ്രാമിലൂടെയാണ് സ്ഥിരീകരിച്ചത്. ഇരുവരും ഒരുമിച്ചുള്ള രണ്ട് ചിത്രങ്ങൾ പങ്കുവെച്ച അർഷ്ദീപ്, അതിന് "മൈ പേഴ്സൺ" എന്ന ഒറ്റവരി അടിക്കുറിപ്പാണ് നൽകിയിരിക്കുന്നത്. പോസ്റ്റ് പുറത്തുവന്ന് മണിക്കൂറുകൾക്കകം തന്നെ വൈറലായി.

ഐപിഎൽ 2026 സീസൺ മുതൽ അർഷ്ദീപും സമ്രീനും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ധർമ്മശാലയിൽ കൈകോർത്ത് നടന്നെന്ന പേരിൽ വൈറലായ ദൃശ്യങ്ങളും സ്നാപ്ചാറ്റ് ചിത്രവും ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി നൽകി. പിന്നീട് പഞ്ചാബ് കിങ്സിന്‍റെ നിരവധി മത്സരങ്ങളിൽ സമ്രീൻ കൗർ ഗാലറിയിൽ പ്രത്യക്ഷപ്പെട്ടതും ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന ചർച്ചകൾക്ക് ആക്കം കൂട്ടി. എന്നാൽ ഇതുവരെ ഇരുവരും ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നില്ല. ഇപ്പോഴത്തെ ഇൻസ്റ്റഗ്രാം പോസ്റ്റോടെയാണ് എല്ലാ അഭ്യൂഹങ്ങൾക്കും അർഷ്ദീപ് തന്നെ വിരാമമിട്ടത്.

1999 സെപ്റ്റംബർ ഏഴിന് ജമ്മു കശ്മീരിൽ ജനിച്ച സമ്രീൻ കൗർ അഭിനേത്രിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്. പൂനെയിലെ സിംബയോസിസ് കോളേജ് ഓഫ് ആർട്സ് ആൻഡ് കൊമേഴ്സിൽ നിന്ന് ബികോം (ഓണേഴ്സ്) പഠനം പൂർത്തിയാക്കിയ ശേഷം മോഡലിംഗ് രംഗത്തേക്കും പിന്നീട് അഭിനയത്തിലേക്കുമാണ് അവർ എത്തിയത്.

2018ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ജമ്മു കശ്മീരിനെ പ്രതിനിധീകരിച്ച് ഫൈനലിസ്റ്റായതോടെയാണ് സമ്രീൻ ശ്രദ്ധ നേടുന്നത്. തുടർന്ന് നിരവധി മോഡലിംഗ് പ്രോജക്ടുകളിലും പരസ്യങ്ങളിലും അഭിനയിച്ച അവർ സിനിമയിലേക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും പ്രവേശിച്ചു. സീ5ലെ 'നെയ്ൽ പോളീഷ്' വെബ് സീരീസിലും '83', 'സർദാർ ജി 2' തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ജൂബിൻ നൗട്ടിയാൽ, ബാദ്ഷാ, ഗുരു റന്ധാവ എന്നിവരുടെ ജനപ്രിയ സംഗീത വീഡിയോകളിലും സമ്രീൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അർഷ്ദീപുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മുമ്പ് യൂട്യൂബർ ആശിഷ് ചഞ്ച്‌ലാനിയുമായി സമ്രീൻ കൗറിനെ ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും പ്രണയത്തിലല്ലെന്നും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും പിന്നീട് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അർഷ്ദീപിന്‍റെ ഇൻസ്റ്റഗ്രാം പ്രഖ്യാപനത്തോടെ സമ്രീൻ കൗറുമായുള്ള പ്രണയം ഔദ്യോഗികമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇരുവർക്കും ആശംസകളുമായി ആരാധകർ രംഗത്തെത്തുകയാണ് ഇപ്പോൾ.

പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും താമസം എവിടെ? ബ്രിക്സ് ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകൾ ഏതൊക്കെ എന്നറിയാം

"സണ്ണി ജോസഫ് രാജിവയ്ക്കണം, മറ്റാരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണം": എം.എം. മണി

ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി മോദിയും പുടിനും; വീണ്ടും ഒരേ കാറിൽ യാത്ര

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

'പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധം'; പ്രതിശ്രുത വധുവിനെ ഇംപ്രസ് ചെയ്യാൻ യുവാവിന്‍റെ കടുംകൈ, അറസ്റ്റിൽ