നസീറുദ്ദീൻ ഷാ, കിരൺ റിജ്ജു

 
Entertainment

"സാധാരണ നടനെന്ന് കരുതി, നസീറുദ്ദീൻ ഷാ അപകടകാരിയായ അർബൻ ദിമാഗി നക്സൽ": കിരൺ റിജ്ജു

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായാണ് നസീറുദ്ദീൻ ഷാ എത്തിയത്

Manju Soman

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നടൻ നസീറുദ്ദീൻ ഷായ്ക്കെതിരേ കടുത്ത വിമർശനവുമായി കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജ്ജു. നസീറുദ്ദീൻ ഷാ ഒരു അപകടകാരിയായ അർബൻ നക്സലാണ് എന്നാണ് കിരൺ റിജ്ജു ആരോപിച്ചത്.

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായാണ് നസീറുദ്ദീൻ ഷാ എത്തിയത്. വിദ്യാഭ്യാസ സമ്പദായം തകർക്കാനും രാജ്യത്തെ യുവാക്കളുടെ വീര്യം കെടുത്താനുമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് നസീറുദ്ദീൻ ഷാ ആരോപിച്ചു. ഇതിനു മറുപടിയുമായാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

നസീറുദ്ദീൻ ഷാ ഒരു സാധാരണ നടനാണെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ അദ്ദേഹം അപകടകാരിയായ ഒരു അർബൻ ദിമാഗി നക്സൽ ആണെന്ന് തെളിഞ്ഞിരിക്കുന്നു എന്നും റിജ്ജു പറഞ്ഞു. അദ്ദേഹം ഇന്ത്യൻ ജനാധിപത്യത്തിന് അതീവ ദോഷകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദിമാഗി നക്സൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഭരണകൂടത്തെ എതിർക്കുന്ന ബുദ്ധിജീവികളെയും വിമർശകരെയും സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.