വി.ഡി. സതീശൻ, നിവിൻ പോളി‍യും മമിത ബൈജുവും

 
Entertainment

ചെറുപ്പകാലവുമായി പെട്ടെന്ന് കണക്റ്റ് ചെയ്യാൻ പറ്റി, പാവം ഗ്ലിക്സൻ; 'ബികെയു' കണ്ടതിനു പിന്നാലെ കുറിപ്പുമായി മുഖ‍്യമന്ത്രി

ഫെയസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ‍്യമന്ത്രി ബെത്‌ലഹേം കുടുംബ യൂണിറ്റ് കണ്ട അനുഭവം പങ്കുവച്ചത്

Entertainment Desk

ഗിരിഷ് എഡിയുടെ സംവിധാനത്തിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തി അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. മികച്ച നിരൂപക പ്രശംസ ലഭിച്ച ചിത്രം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ ഒടിടിയിലെത്തിയതിനു പിന്നാലെ ചിത്രം കണ്ടതിനു ശേഷം കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ‍്യമന്ത്രി വി.ഡി. സതീശൻ.

ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താൻ ചിത്രം കണ്ടതെന്നും മകൾക്കും അവരുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ് ചിത്രം കണ്ടു തീർത്തതെന്നുമാണ് മുഖ‍്യമന്ത്രി പറയുന്നത്. തന്‍റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്റ്റ് ചെയ്യാൻ പറ്റിയെന്നും ഒട്ടും മുഷിഞ്ഞില്ലെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു. സംവിധായകനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചെന്നും എന്നാൽ നിവിൻ പോളിയെയും മമിതയെയും ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും മുഖ‍്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ‍്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മാസത്തിൽ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നത് തിരക്കുകൾ കാരണം മുടങ്ങിപ്പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടത്. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടു തീർത്തത്.

ട്രീറ്റ്മെൻ്റിലാണ് സിനിമ വ്യത്യസ്‌തമാകുന്നത്. അൽപം പോലും മുഷിഞ്ഞില്ല. എൻ്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റി. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, അവിടെ കണ്ട സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്‌നേഹം, ഊഷ്മളമായ പ്രണയങ്ങൾ; അങ്ങനെ എല്ലാം കൊണ്ടും പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്നാണ് ചിന്തിച്ചത്.

നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ വരുന്നവർ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു.. ഇടയ്ക്ക് ചിലപ്പോൾ വിഷമിപ്പിച്ചു... ആദ്യാവസാനം നന്നായി ആസ്വദിച്ചു. ഒരു കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമ.

ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്.

സംവിധായകൻ എ.ഡി ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ല. ഇവർക്കൊപ്പം എൻ്റെ മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്. പാവം ഗ്ലിക്സൻ. സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.