"മോഹൻലാലിന്റെ സീനുകൾ മുഴുവൻ വെട്ടി, ജയിലർ 3 ഉണ്ടെങ്കിലും സഹകരിക്കില്ല"; പരസ്യ വിമർശനവുമായി കോസ്റ്റ്യൂം ഡിസൈനർ
രജനീകാന്ത് നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം ജയിലർ 2 വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. പിന്നാലെ മോഹൻലാലിന്റെ കാമിയോ റോളിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചകളുയർന്നിരുന്നു. സ്ക്രീൻ ടൈം മോഹൻലാലിന് കുറവാണെന്നാണ് ആളുകൾ പറയുന്നത്. ഇപ്പോഴിതാ ആരാധകരുടെ ആ നിരാശയ്ക്ക് ആക്കം കൂട്ടി ചിത്രത്തിൽ മോഹൻലാലിന് വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത ജിഷാദ് ഷംസുദ്ദീൻ രംഗത്തെത്തിയിരിക്കുകയാണ്.
മോഹൻലാലിന്റെ പല സീനുകളും ചിത്രത്തിൽ നിന്ന് പൂർണമായും വെട്ടിയെന്നാണ് ജിഷാദ് ആരോപിക്കുന്നത്. ട്രെയിലറിൽ കാണിച്ച രംഗങ്ങളും മോഹൻലാലിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ഒരു സൂപ്പർ സ്റ്റാറിനോട് കാണിച്ച അനാധരവാണിതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കുറിപ്പിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെ...
എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവരോടും:
ജയിലർ 2-ന്റെ റിലീസോടെ, പ്രധാനപ്പെട്ട ഒരു വിവരം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു!!
ചിത്രീകരിച്ച രംഗങ്ങളുടെ അടിസ്ഥാനത്തിൽ, ഞങ്ങളുടെ പ്രവൃത്തിയിൽ എനിക്ക് പൂർണ ആത്മവിശ്വാസമുണ്ടായിരുന്നു — ട്രെയിലറിൽ അത് വെറുമൊരു 2 സെക്കൻഡ് (രൂപം) മാത്രമായി ചുരുക്കിയപ്പോൾ പോലും. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ, മോഹൻലാൽ സാറിന്റെ വ്യത്യസ്തമായ മൂന്ന് ലുക്കുകൾ പൂർണമായും ഒഴിവാക്കപ്പെട്ടു; കൂടാതെ ആ ട്രെയിലറിലെ രംഗം പോലും വെട്ടിമാറ്റി.
സിനിമയിലെ എന്റെ അനുഭവത്തിൽ നിന്ന് പറയുമ്പോൾ, മോഹൻലാൽ സാറിനെപ്പോലൊരു സൂപ്പർസ്റ്റാറിന്റെ രംഗങ്ങൾ ഇതുപോലെ വെട്ടിമാറ്റുന്നത് തികച്ചും അനാദരവാണ്.
നമ്മുടെ സൂപ്പർസ്റ്റാറിനെ ഇതുപോലെ ചെറുതാക്കി കാണിക്കുന്നത് കാണുമ്പോൾ, ജയിലർ 3 (Sequel) ഉണ്ടായാൽ, ഞാൻ അതിന്റെ ഭാഗമായിരിക്കില്ലെന്ന് അറിയിക്കുന്നു. എന്നെ വിശ്വസിച്ച എല്ലാവരോടും ഞാൻ ഹൃദയം നൊന്ത് ക്ഷമ ചോദിക്കുന്നു.
ഞാൻ ആനുകൂല്യങ്ങൾക്കോ, ലാഭത്തിനോ, കോടി ക്ലബ്ബുകൾക്കോ, സൂപ്പർസ്റ്റാർ പദവിക്കോ വേണ്ടിയല്ല നിലകൊള്ളുന്നത്. ഞാൻ നിലകൊള്ളുന്നത് ആരാധകർക്കും, സിനിമയെ സ്നേഹിക്കുന്നവർക്കും, മോഹൻലാൽ സാറിനും വേണ്ടി മാത്രമാണ്.
എന്റെ യാത്രയിൽ എപ്പോഴും ഒപ്പം നിന്നതിന് നന്ദി.
- ജിഷാദ് ഷംസുദീൻ