സായ് പല്ലവി
ബിഗ്ബജറ്റ് ചിത്രമായ രാമായണ റിലീസ് ആകുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. തെന്നിന്ത്യൻ താരമായ സായ് പല്ലവി സീതയായി എത്തുന്നുവെന്നതാണ് ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. അതേ സമയം സായ് പല്ലവി രഹസ്യമായി വിവാഹം കഴിച്ചുവെന്ന അഭ്യൂഹവും പടർന്നു പിടിച്ചിരുന്നു. അത്തരമൊരു അഭ്യൂഹം ഉണ്ടാകാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ താരം. രാമായണയുടെ ചിത്രീകരണം പൂർത്തിയായതിനു ശേഷം നേരെ സഹോദരി പൂജയുടെ വിവാഹത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലേക്കു കടക്കുകയായിരുന്നു താനെന്ന് സായ് പല്ലവി പറയുന്നു.
ഓസ്ട്രേലിയയിൽ ഉള്ള സഹോദരി വിവാഹത്തിന് പത്തു ദിവസം മുൻപാണ് നാട്ടിലെത്തിയത്. അതു കൊണ്ടു തന്നെ അവൾക്കുള്ള വിവാഹവസ്ത്രങ്ങൾ അണിഞ്ഞു നോക്കി വാങ്ങിയത് താനായിരുന്നു. വിവാഹത്തിനു വേണ്ട എല്ലാ വസ്ത്രങ്ങളും വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. അതു തന്റെ വിവാഹത്തിനായിരുന്നുവെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് സായ് പല്ലവി പറയുന്നത്.
തന്റെ വിവാഹത്തെക്കുറിച്ച് പൂജ വികാരഭരിതമായി സംസാരിക്കുന്ന ഓഡിയോയും സായ് പല്ലവി പുറത്തു വിട്ടിട്ടുണ്ട്.
"വിവാഹം മനോഹരമാക്കണമെന്ന് ഞങ്ങൾ ഇരുവരും തീരുമാനിച്ചിരുന്നു. ഞാനത് നന്നായി ആസ്വദിക്കുകയും ചെയ്തു. എല്ലാം ചെയ്തത് പല്ലവിയാണ്. ഞാൻ ഓസ്ട്രേലിയയിൽ ആയിരുന്നു. തിരിച്ചെത്തിയത് വിവാഹത്തിന് 10 ദിവസം മുൻപു മാത്രമാണ്. എന്റെ വിവാഹ സാരികളും വിവാഹവേദിയിലെ അലങ്കാരങ്ങളും ഉൾപ്പെടെ കൈകാര്യം ചെയ്തത് സായ് പല്ലവിയാണ്. അവൾ എനിക്കു വേണ്ടി ഷോപ്പിങ് നടത്തി. എനിക്കു വേണ്ടിയുള്ള സാരികളും ലെഹങ്കകളും അണിഞ്ഞു നോക്കി വാങ്ങി." പൂജ പറയുന്നു. സായ് പല്ലവി വിവാഹമോചിതനായ മുതിർന്ന ഒരു നടനുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹവും ശക്തമാണ്.