ദിവ്യ ഉണ്ണി

 
Entertainment

സ്ത്രീകളോട് ഭൂരിഭാഗം പുരുഷന്മാർക്കും ബഹുമാനമില്ല, പലപ്പോഴും മനുഷ്യരായി പോലും കാണാറില്ല; അധിക്ഷേപത്തിന് മറുപടിയുമായി ദിവ്യ ഉണ്ണി

ദിവ്യ ഉണ്ണി അഭിനയിച്ച സെൻസോഡൈന്‍റെ പരസ്യത്തിന്‍റെ പോസ്റ്ററിലേക്ക് ഒരാൾ തുപ്പുന്ന വിഡിയോയാണ് വൈറലായത്

Namitha Mohanan

നടി ദിവ്യ ഉണ്ണിയെ അധിക്ഷേപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദിവ്യ ഉണ്ണി അഭിനയിച്ച സെൻസോഡൈന്‍റെ പരസ്യത്തിന്‍റെ പോസ്റ്ററിലേക്ക് ഒരാൾ തുപ്പുന്ന വിഡിയോയാണ് വൈറലായത്. ഇതിനു പിന്നാലെ തന്നെ വ്യാപക പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ ഉയർന്നത്.

ഇപ്പോഴതാ വിഷയത്തിൽ പ്രതികരണവുമായി നടി രംഗത്തെത്തിയിരിക്കുകയാണ്. വ്യക്തിപരമായ അധിക്ഷേപത്തിനപ്പുറം സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വലിയ അനാദരവിന്‍റെ പ്രതിഫലനമാണ് ഇതെന്നാണ് നടി പറയുന്നത്.

"ആ മതിലിൽ പുരുഷന്മാരായ നിരവധി രാഷ്ട്രീയ നേതാക്കളുടെ പോസ്റ്ററുകൾ ഉണ്ടായിരുന്നെങ്കിലും തുപ്പിയത് ഒരു സ്ത്രീയുടെ മുഖമുള്ള പോസ്റ്ററിലാണ്. ആ പോസ്റ്ററിലുള്ളത് ദിവ്യ ഉണ്ണി എന്ന സ്ത്രീ മാത്രമല്ല. അത് നമ്മുടെ രാജ്യത്തെ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഒരു സ്ത്രീയാണ്.

സംഭവം എന്നെ വിഷമിപ്പിച്ചു എന്നത് സത്യമാണ്. എന്നാൽ നമ്മുടെ രാജ്യത്ത് കൊച്ചുകുട്ടികൾ മുതൽ പ്രായമായ അമ്മമാർവരെ നേരിടുന്ന അതിക്രമങ്ങളുമായി താരതമ്യം ചെയ്താൽ ഇത് അതിന്‍റെ അടുത്തുപോലും വരില്ല. അത് വച്ചുനോക്കുമ്പോൾ ഇതെന്‍റെ വിരലിൽ പോലും ഏല്ക്കില്ല.

സംഭവിച്ചത് കുറച്ചു പുരുഷന്മാർ പോസ്റ്ററിൽ തുപ്പി എന്നതാണ്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന പുരുഷന്മാർക്കും സ്ത്രീകളോട് ബഹുമാനമില്ല. സ്ത്രീകളെ മനുഷ്യരായി പോലും അവർ കാണുന്നില്ല. സ്ത്രീകളുടെ ചിന്താഗതിയെ പറ്റിയോ അവരുടെ സ്വപ്നങ്ങളെപറ്റിയോ ഒരിക്കലും പുരുഷന്മാർ ചിന്തിക്കുന്നില്ല.

സ്ത്രീകൾ അപമാനിക്കപ്പെടുന്നു, ആക്രമിക്കപ്പെടുന്നു, അടിച്ചമർത്തപ്പെടുന്നു. ഇതിനെതിരേ പോരാടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിനെ കേന്ദ്രീകരിച്ച് ഒരു സിനിമ ഒരുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ആൺകുട്ടികളെ ഇതൊരു മാനസികാവസ്ഥയുടെ പ്രശ്നമാണ്, വളർത്തുന്നതിന്‍റെ പ്രശ്നമാണ്, തലമുറകളുടെ പ്രശ്നമാണ്. നമ്മുടെ രാജ്യത്തെ പുരുഷന്മാർ അവരുടെ ചിന്താഗതി തെറ്റാണെന്ന് മനസ്സിലാക്കുന്നതു വരെ, നമ്മുടെ ആൺകുട്ടികളെ വ്യത്യസ്തമായി വളർത്തുന്നതുവരെ, ഈ പ്രശ്നം പരിഹരിക്കപ്പെടാൻ പോകുന്നില്ല.

എന്‍റെ പോസ്റ്ററിന് സംഭവിച്ചത് വലിയ കാര്യമല്ല, പക്ഷേ ഒരു സ്ത്രീ എന്ന നിലയിൽ ഇത്രയും സുരക്ഷിതമല്ലെന്ന തോന്നൽ എനിക്ക് ഇതിനുമുൻപ് ഉണ്ടായിട്ടില്ല. ഇത് മാറാൻ എനിക്ക് പറ്റുന്നകാര്യങ്ങൾ‌ ഞാൻ ചെയ്യും', ദിവ്യ ഉണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറ‍യുന്നു.

മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി; രക്ഷാപ്രവർത്തനത്തിന് 70 ഓളം പേർ

നിലപാട് കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് സമരം

പാക്കിസ്ഥാനിൽ ഭീകരാക്രമണം; 9 പൊലീസുകാർ കൊല്ലപ്പെട്ടു

300 കോടിയുടെ അനധികൃത സ്വത്ത്; തെലങ്കാനയില്‍ ഉന്നത പൊലീസ് ഉദ്യാഗസ്ഥന്‍ അറസ്റ്റില്‍

വിദ്യാർഥികളുടെ കൺസഷൻ ചാർജ് മൂന്ന് രൂപയാക്കി സ്വകാര്യ ബസുകൾ; നടപടിയെടുക്കുമെന്ന് എംവിഡി