"എല്ലാം തെറ്റാണ്, എനിക്ക് പറ്റിയൊരു അബദ്ധം"; വിവാദ വീഡിയോയിലെ വിവാദ കമന്‍റിൽ ഖേദം പ്രകടിപ്പിച്ച് ദിയ കൃഷ്ണ

 
Entertainment

"എല്ലാം എന്‍റെ തെറ്റാണ്, എനിക്ക് പറ്റിയൊരു അബദ്ധം"; വിവാദ വീഡിയോയിലെ വിവാദ കമന്‍റിൽ ഖേദം പ്രകടിപ്പിച്ച് ദിയ കൃഷ്ണ

ഫോര്‍ട്ട് കൊച്ചിയില്‍ നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നുമാണ് ലിറ്റിചോക്ക് അപ്പ് എന്ന അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ 'സാഡ് റിയാലിറ്റി' എന്ന് ദിയ കുറിച്ചതാണ് വിവാദമായത്

Namitha Mohanan

ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ പങ്കുവെച്ച വിവാദ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തതിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയർന്നതിന് പിന്നാലെ ഖേദപ്രകടനവുമായി ദിയ കൃഷ്ണ. ആ വീഡിയോ മുഴുവനായും താൻ കണ്ടില്ല, കണ്ടിരുന്നുവെങ്കിൽ ഒരിക്കലും അങ്ങനെ കമന്‍റ് ചെയ്യില്ലായിരുന്നു. തന്‍റെ അശ്രദ്ധയാണ് എല്ലാത്തിനും കാരണമെന്നും ദിയ പറയുന്നു.

ഫോര്‍ട്ട് കൊച്ചിയില്‍ നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നുമാണ് ലിറ്റിചോക്ക് അപ്പ് എന്ന അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ 'സാഡ് റിയാലിറ്റി' എന്ന് ദിയ കുറിച്ചതാണ് വിവാദമായത്.

"അടുത്തിടെ, രണ്ട് വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ളൊരു വീഡിയോയ്ക്ക് ഞാൻ കമന്‍റ് ചെയ്തിരുന്നു. കൊച്ചിയിലെ ഒരു കഫേയിൽ മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദർശിപ്പിച്ചതിനെക്കുറിച്ചായിരുന്നു ആദ്യത്തേത്. ഈ വിഷയത്തിൽ എനിക്ക് എന്‍റേതായ അഭിപ്രായമുണ്ട്, അത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന എന്‍റെ നിലപാടിൽ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.

എന്നാൽ, വീഡിയോയുടെ രണ്ടാം ഭാഗത്തിൽ നമ്മുടെ സംസ്ഥാനത്തെ ഒരു പ്രത്യേക സമുദായത്തെക്കുറിച്ചും, കേരളത്തിലെ ബീഫ് കഴിക്കുന്ന ശീലത്തെ ചോദ്യം ചെയ്തുകൊണ്ടുമുള്ള കാര്യങ്ങളാണ് സംസാരിച്ചത്. ഇവിടെയാണ് വീഡിയോയിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങളോട് ഞാൻ പൂർണമായും ഖേദം പ്രകടിപ്പിക്കുന്നത്.

ആദ്യ പകുതി മാത്രം കണ്ടതുകൊണ്ട്, വീഡിയോ മുഴുവൻ ജിന്നയുടെ ചിത്രത്തെക്കുറിച്ചുള്ളതാകുമെന്ന് ഞാൻ തെറ്റിദ്ധരിച്ചു. ആ ധാരണയിലാണ് ഞാൻ കമന്‍റ് ചെയ്തതും. പ്രതികരിക്കുന്നതിന് മുൻപ് ആ വീഡിയോ പൂർണമായി മനസിലാക്കാൻ ശ്രമിച്ചില്ല എന്നതാണ് എന്‍റെ തെറ്റാണ്.

പുറത്തുനിന്ന് നോക്കുന്നൊരാൾക്ക്, എന്‍റെ കമന്‍റ് ആ വീഡിയോയെ മുഴുവനായി പിന്തുണയ്ക്കുന്ന ഒന്നായി തോന്നുമെന്ന് ഞാൻ മനസിലാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് ആളുകളെ വിഷമിപ്പിക്കുകയും ദേഷ്യം പിടിപ്പിക്കുകയും ചെയ്തത് എന്നും എനിക്ക് മനസിലാകുന്നുണ്ട്. എന്‍റെ അശ്രദ്ധക്കുറവ് കാരണം ഞാൻ പൂർണമായും വിയോജിക്കുന്നൊരു കാര്യത്തെയാണ് ഞാൻ പിന്തുണയ്ക്കുന്നത് എന്ന് ആളുകളിൽ തെറ്റിദ്ധാരണയുണ്ടാക്കി എന്ന് ഞാൻ തിരിച്ചറിയുന്നു. അതിൽ ഞാൻ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുകയാണ്.

മതസൗഹാർദ്ദത്തിൽ വിശ്വസിക്കുന്നൊരാളാണ് ഞാൻ. നമ്മുടെ മതപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ നമ്മുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുകയാണ് വേണ്ടതെന്നും അല്ലാതെ നമ്മളെ ഭിന്നിപ്പിക്കുകയല്ല വേണ്ടതെന്നും ഞാൻ എപ്പോഴും വിശ്വസിക്കുന്നുണ്ട്. ഒരു സമുദായത്തെ അധിക്ഷേപിക്കുന്നതോ നമ്മുടെ സമൂഹത്തിൽ അവരുടെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നതോ ആയ യാതൊരു കാര്യത്തേയും ഞാൻ മനഃപൂർവ്വം പിന്തുണയ്ക്കില്ല. എന്‍റെ ഉദ്ദേശശുദ്ധി എന്‍റെ പ്രവൃത്തികൾ ഉണ്ടാക്കിയ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നില്ല, അതിന്‍റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയാണ്. എല്ലാവരോടും ഞാൻ ആത്മാർഥമായി ക്ഷമയും ചോദിക്കുകയാണ്." ദിയ പറഞ്ഞു.