"എടുത്തു ചാടിയുള്ള വിവാഹം, മരിക്കും വരെ അശ്വിന്‍റെ അമ്മയെ ആന്‍റി എന്നേ വിളിക്കൂ"; ചർച്ചയായി ദിയയുടെ പുതിയ വീഡിയോ

 
Entertainment

"എടുത്തു ചാടിയുള്ള വിവാഹം, മരിക്കും വരെ അശ്വിന്‍റെ അമ്മയെ ആന്‍റി എന്നേ വിളിക്കൂ"; ചർച്ചയായി ദിയയുടെ പുതിയ വീഡിയോ

"ജീവിതത്തിൽ ആരുടെയും ഇടപെടൽ വേണ്ടെന്ന് ആദ്യം തന്നെ പറയണം. നമ്മൾ മിണ്ടാതിരുന്നാൽ അവർ നമ്മുടെ തലയിൽ കയറും"

Namitha Mohanan

അടുത്തിടെ വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയയായ യൂട്യൂബറാണ് ഓസി എന്ന ദിയ കൃഷ്ണ. കേരളത്തെക്കുറിച്ചുള്ള വിവാദ വിഡിയോയ്ക്ക് താഴെയുള്ള ദിയയുടെ കമന്‍റ് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിന് ഖേദം പ്രകടിപ്പിക്കുകയും തെറ്റ് തിരുത്തുകയും ചെയ്തെങ്കിലും വിവാദങ്ങൾക്ക് ദിയയെ വിട്ട് പോയില്ല. ഇപ്പോഴിതാ ദിയയുടെ പുതിയ വ്ലോഗ് വീണ്ടും ചർച്ചയായിരിക്കുകയാണ്.

വിവാഹ ജീവിതത്തെക്കുറിച്ചും ഭർത്താവ് അശ്വിനേയും അശ്വിന്‍റെ കുടുംബത്തേയും കുറിച്ചുള്ള ദിയയുടെ വെളിപ്പെടുത്തലാണ് പുതിയ ചർച്ചാ വിഷയം. അശ്വിന്‍റെ അമ്മയെ വിവാഹത്തിന് മുൻപ് മീനമ്മ എന്ന് വിളിച്ചിരുന്ന ദിയ വിവാഹശേഷം ആന്‍റി എന്ന് വിളിച്ചത് എന്തിനാണെന്ന ചോദ്യത്തിന് ദിയ മറുപടി പറയുകയായിരുന്നു.

തന്‍റെ അമ്മ സിന്ധു കൃഷ്ണയെ മാത്രമാണ് താൻ അമ്മയെന്ന് വിളിക്കൂ എന്ന് ദിയ വ്യക്തമാക്കി. അശ്വിൻ തന്‍റെ അമ്മയെ സിന്ധു എന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ ദിയ തന്‍റെ അമ്മയേക്കാൾ അശ്വിന്‍റെ അമ്മയ്ക്ക് 10 വയസോളം കൂടുതലുള്ളതിനാൽ പേരുവിളിക്കാനാവാത്തത്. കണ്ട നാൾ‌ മുതൽ അശ്വിന്‍റെ അമ്മയെ ആന്‍റി എന്നാണ് വിളിച്ചത്. മീനമ്മാസ് കിച്ചൻ എന്ന അശ്വിന്‍റെ അമ്മയുടെ ബിസിനസിന്‍റെ മാർക്കറ്റിങ്ങിനായി താനൊരു രസത്തിനാണ് വ്ലോഗിങ്ങിൽ ആന്‍റിയെ മീനമ്മ എന്ന് വിളിച്ചതെന്ന് ദിയ വ്യക്തമാക്കി.

വിവാഹശേഷം ഭർത്താവിന്‍റെ വീട്ടുകാരുടെ ഇടപെടൽ എങ്ങനെയാണ് നിയന്ത്രിക്കുന്നതെന്ന ചോദ്യത്തിന് തുടക്കത്തിൽ തന്നെ അതിരുകൾ‌ സൂക്ഷിക്കണമെന്നും അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഓസി വ്യക്തമാക്കി.

"ജീവിതത്തിൽ ആരുടെയും ഇടപെടൽ വേണ്ടെന്ന് ആദ്യം തന്നെ പറയണം. നമ്മൾ മിണ്ടാതിരുന്നാൽ അവർ നമ്മുടെ തലയിൽ കയറും. വിവാഹത്തിന് മുൻപ് തന്നെ ഞാനും അശ്വിനും എന്‍റെയും അശ്വിന്‍റെയും വീട്ടുകാരോട് വേണ്ടതും വേണ്ടാത്തതുമായ രീതികളെക്കുറിച്ച് പറഞ്ഞിരുന്നു. അതിരുകൾ കർശനമായി പാലിക്കുന്നതിനൊപ്പം ഉത്തരവാദിത്വങ്ങളും കടമകളും നന്നായി നിർവഹിക്കുകയും വേണം.", ദിയ പറഞ്ഞു.

മകന്‍റെ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത് ഇഷ്ടമല്ല എന്നു പറഞ്ഞതിനെ വിമർശിച്ചവരോട് ദിയ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഓമിയെ ദിയ അമിത വാത്സല്യത്തോടെയാണ് നോക്കുന്നതെന്നും അശ്വിന്‍റെ വീട്ടുകാർ‌ അശ്വിനേയും അങ്ങനെയാവില്ലേ വളർത്തിയത്, അതുപോലെ അശ്വിനും ഒരമ്മ ഉണ്ടല്ലോ. ആ അമ്മ ഓവറായി വാത്സല്യം കാണിച്ചാൽ നിങ്ങൾ സമ്മതിക്കുമോ? എന്നായിരുന്നു കമന്‍റ്.

"ഓമിക്ക് ഒരു വയസാണ്, അശ്വിന് 30 ഉം. ഓമിക്ക് കെയറും വാത്സല്യവും കിട്ടേണ്ട പ്രായമാണ്. എന്നാൽ അശ്വിന്‍റേത് അത്തരമൊരു പ്രായമല്ല. അശ്വിനെയും ഓമിയെയും താരതമ്യം ചെയ്യാതിരിക്കുക, ഓമിയുടെ അച്ഛനാണ് അശ്വിൻ.", എന്നാണ് ദിയ മറുപടി നൽകിയത്.

'എനിക്ക് അശ്വിന്‍റെ വീട്ടുകാരുമായി ഒരു പ്രശ്നവുമില്ല. എന്‍റെ ജീവിതത്തിലും ഇത്തരത്തിലൊരു പ്രശ്നവുമില്ല. അശ്വിനും ഞാനും വീട്ടുകാരോട് പ്രശ്നങ്ങളുണ്ടാക്കുന്ന ആളല്ല. ഓമിക്ക് 18 വയസുകഴിഞ്ഞാൽ അവന്‍റെ ഇഷ്ടത്തിന് ജീവിക്കാം. അതുവരെ ഞങ്ങളാണ് കാശ് മുടക്കുന്നതെങ്കിൽ ഞാനും അശ്വിനും പറയുന്നത് പോലെ അവൻ ജീവിക്കണം. അത് കഴിഞ്ഞ് അവന് ഇഷ്ടമുള്ളത് പോലെ ജീവിക്കാം.

കുറച്ച് കാലം കൂടി ഡേറ്റ് ചെയ്ത് വിവാഹം കഴിക്കാമെന്നായിരുന്നു ഞങ്ങളുടെ ആദ്യ തീരകുമാനം. പിന്നീട് അശ്വിന്‍റെ വീട്ടുകാർ സമ്മർദം ചെലുത്തിയതോടെയാണ് വിവാഹത്തിലേക്കെത്തിയത്. അതിനാൽ പ്ലാനിങ്ങുകളെല്ലാം കുറവായിരുന്നു. എടുത്തുചാടിയുള്ള വിവാഹമായിരുന്നു. കുറച്ച് കൂടി താമസിച്ചാലും എന്‍റെ വീട്ടിൽ ഓക്കെയായിരുന്നു." ദിയ പറഞ്ഞു.