ഹൃത്വിക് റോഷൻ‌

 
Entertainment

ഗ്രീക്ക് ദേവനെ പോലെയാണോ ശരിക്കും ഹൃത്വിക് റോഷൻ‌? ഗ്രീസിലെ നാട്ടുകാരുടെ മറുപടി വൈറൽ

ഗ്രീസിലെത്തിയ സൽമാൻ ഖാന്‍റെ സഹോദരപുത്രൻ അർഹാൻ ഖാനും സുഹൃത്ത് ആദി ശെഖാവത്തും നാട്ടുകാരോട് ഈ ചോദ്യം ചോദിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Sarath Nath MS

ബോളിവുഡ് താരം ഹൃത്വിക് റോഷനെ ‘ഗ്രീക്ക് ദേവൻ’ എന്ന് വിശേഷിപ്പിക്കുന്നത് പതിവാണ്. എന്നാൽ ഹൃത്വിക് റോഷന് യഥാർഥത്തിൽ ഗ്രീക്ക് ദേവന്‍റെ മുഖഭാവങ്ങളുണ്ടോ? ഗ്രീസിലെത്തിയ സൽമാൻ ഖാന്‍റെ സഹോദരപുത്രൻ അർഹാൻ ഖാനും സുഹൃത്ത് ആദി ശെഖാവത്തും നാട്ടുകാരോട് ഈ ചോദ്യം ചോദിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ദം ബിരിയാണി’ എന്ന യൂട്യൂബ് ചാനലിനായി ഇരുവരും നടത്തിയ ഗ്രീസ് യാത്രയ്ക്കിടെയായിരുന്നു രസകരമായ പരീക്ഷണം. ഗ്രീസിലെ നാട്ടുകാരോട് ഹൃത്വിക് റോഷന്‍റെ ചിത്രം കാണിച്ച്, അദ്ദേഹത്തിന് യഥാർഥത്തിൽ ഗ്രീക്ക് മുഖഭാവങ്ങളുണ്ടെന്ന് തോന്നുന്നുണ്ടോയെന്ന് ഇരുവരും ചോദിച്ചു.

ഒരു ഗ്രീക്ക് യുവതിയെയാണ് ആദ്യം ഇരുവരും സമീപിച്ചത്. ഹൃത്വിക്കിന്‍റെ ചിത്രം കാണിച്ച ശേഷം, “ഹൃത്വിക് റോഷന് ഗ്രീക്ക് മുഖഭാവങ്ങളുണ്ടെന്ന് തോന്നുന്നുണ്ടോ?” എന്നായിരുന്നു ചോദ്യം. ഇതിന് യുവതി നൽകിയ മറുപടി ഇരുവരെയും ചിരിപ്പിച്ചു. “ഗ്രീക്ക് ജനങ്ങൾ അദ്ദേഹത്തെപ്പോലെയായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു,” എന്നായിരുന്നു യുവതിയുടെ മറുപടി.

ഇന്ത്യയിൽ ഹൃത്വിക് റോഷൻ തന്നെയാണ് സൗന്ദര്യത്തിന്‍റെ മാനദണ്ഡമായി മാറിയതെന്ന് അർഹാൻ തമാശയായി പറഞ്ഞു. “ഇന്ത്യയിൽ എല്ലാവരും ഹൃത്വിക് റോഷനെപ്പോലെയാണ്. അതാണ് നമ്മുടെയെല്ലാം ബെഞ്ച്മാർക്ക്,” എന്നായിരുന്നു അർഹാന്‍റെ പ്രതികരണം.

ഗ്രീസിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അർഹാനും സുഹൃത്തും സന്ദർശിച്ചു. അക്രോപൊളിസ് സന്ദർശിച്ച ഇരുവരും നാട്ടുകാരുമായി സംസാരിക്കുകയും പ്രാദേശിക ഭക്ഷണവും സംസ്കാരവും പരിചയപ്പെടുകയും ചെയ്തു. യാത്രയ്ക്കിടെയുള്ള അപ്രതീക്ഷിത സംഭവങ്ങളും രസകരമായ സംഭാഷണങ്ങളും ഇവർ വീഡിയോയിൽ പകർത്തി. അർഹാന്‍റെ അമ്മയും നടിയുമായ മലൈക അറോറയും വീഡിയോയിൽ ഹ്രസ്വമായി പ്രത്യക്ഷപ്പെടുന്നുണ്ട്. നടൻ അർബാസ് ഖാന്‍റെയും മലൈക അറോറയുടെയും മകനായ അർഹാൻ ഖാൻ "ദം ബിരിയാണി' എന്ന യൂട്യൂബ് ചാനലിലൂടെ യാത്ര, ഭക്ഷണം തുടങ്ങിയവ പങ്കുവയ്ക്കാറുണ്ട്.

ഹൃത്വിക്കിന്‍റെ പുതിയ പ്രോജക്റ്റുകൾ

2025 ഓഗസ്റ്റിൽ പുറത്തിറങ്ങിയ ‘വാർ 2’ ആണ് ഹൃത്വിക്കിന്‍റെ അവസാന ചിത്രം. രജനീകാന്തിന്‍റെ വരാനിരിക്കുന്ന ‘ജയിലർ 2’ലും ഹൃത്വിക് അതിഥിവേഷത്തിൽ എത്തുന്നുണ്ട്. ഇതിനു പുറമെ നിർമാണ രംഗത്തേക്കും ഹൃത്വിക് കടക്കുകയാണ്. എച്ച്ആർഎക്സ് ഫിലിംസിലൂടെ ‘മെസ്’ എന്ന കോമഡി ചിത്രവും ആമസോൺ പ്രൈം വീഡിയോയ്ക്കായുള്ള ‘സ്റ്റോം’ എന്ന സ്ട്രീമിങ് സീരീസും അദ്ദേഹം നിർമിക്കുന്നുണ്ട്.

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം

ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോകവേ വാഹനാപകടം; 3 പേർ മരിച്ചു, 23 പേർക്ക് പരുക്ക്

മൂവാറ്റുപുഴ ജില്ല സംബന്ധിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല: ചീഫ് വിപ്പ് അപു ജോൺ ജോസഫ്

നേപ്പാൾ പ്രളയം; മരണസംഖ്യ 903 ആയി, കണ്ടെത്താനുള്ളത് 4250 പേരെ

ഒന്നിച്ച് ഓണമുണ്ടു, പിന്നെ ജീവനെടുത്തു; യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ