സപ്ന ചൗധരി, വീർ സാഹു

 
Entertainment

ആറ് വർഷത്തെ ദാമ്പത്യത്തിന് വിരാമം; ഭർത്താവ് വീർ സാഹുവിൽ നിന്ന് വിവാഹമോചനം തേടി സപ്ന ചൗധരി

വിവാഹമോചന തീരുമാനത്തെക്കുറിച്ച് സംസാരിക്കവെ, താനും വീറും തമ്മിലുള്ള ബന്ധത്തിൽ എന്താണ് സംഭവിച്ചതെന്ന് പുറത്തുള്ളവർക്ക് അറിയില്ലെന്നായിരുന്നു സപ്നയുടെ പ്രതികരണം

Sarath Nath MS

ഹരിയാൻവി നാടൻ സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും ആവേശമായി മാറിയ നർത്തകി സപ്ന ചൗധരിയുടെ വ്യക്തിജീവിതത്തിൽ നിർണായക വഴിത്തിരിവ്. ഭർത്താവും ഗായകനും നടനുമായ വീർ സാഹുവിൽ നിന്ന് വിവാഹമോചനം തേടി സപ്ന കോടതിയെ സമീപിച്ചു. ആറ് വർഷത്തെ ദാമ്പത്യജീവിതത്തിന് വിരാമമിടാനുള്ള തീരുമാനത്തെക്കുറിച്ച് താരം തന്നെ വെളിപ്പെടുത്തിയതോടെയാണ് വാർത്ത പുറത്തുവന്നത്. എൻഎംഎഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയ കാര്യം സപ്ന സ്ഥിരീകരിച്ചത്.

2020ലായിരുന്നു സപ്നയും വീർ സാഹുവും വിവാഹിതരായത്. കോവിഡ് കാലമായിരുന്നതിനാൽ വളരെ സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം. ഇരുവരും വിവാഹവാർത്ത പരസ്യമായി അറിയിച്ചിരുന്നില്ല. അതേ വർഷം ആദ്യത്തെ കുഞ്ഞ് ജനിച്ചതോടെയാണ് വിവാഹിതരാണെന്ന വിവരം പുറത്തറിഞ്ഞത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്.

വിവാഹമോചന തീരുമാനത്തെക്കുറിച്ച് സംസാരിക്കവെ, താനും വീറും തമ്മിലുള്ള ബന്ധത്തിൽ എന്താണ് സംഭവിച്ചതെന്ന് പുറത്തുള്ളവർക്ക് അറിയില്ലെന്നായിരുന്നു സപ്നയുടെ പ്രതികരണം. ബന്ധം നല്ല രീതിയിൽ മുന്നോട്ടുപോയിരുന്നപ്പോൾ ഒരുമിച്ചായിരുന്നു. എന്നാൽ കാര്യങ്ങൾ പഴയതുപോലെയല്ലാതായതോടെ ഒരുമിച്ച് തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹം രണ്ട് പേർ തമ്മിലുള്ള ബന്ധമാണെന്നും അതിൽ എന്താണ് സംഭവിച്ചതെന്ന് അവർക്കു മാത്രമേ പൂർണമായി അറിയൂവെന്നും താരം വ്യക്തമാക്കി. വിവാഹബന്ധം തകരാനുള്ള കൃത്യമായ കാരണം എന്താണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

തന്‍റെ വ്യക്തിജീവിതത്തെക്കുറിച്ച് പുറത്തുനിന്നുള്ളവർ വിധിയെഴുതുന്നതിനെയും സപ്ന വിമർശിച്ചു. മക്കളെ ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങൾക്കും താരം മറുപടി നൽകി. കുട്ടികളെ ഉപേക്ഷിക്കാൻ താൻ പഠിച്ചിട്ടില്ലെന്നും മാതൃത്വത്തെക്കുറിച്ച് മറ്റുള്ളവർ തന്നെ ഉപദേശിക്കേണ്ടതില്ലെന്നുമായിരുന്നു പ്രതികരണം. വ്യക്തിജീവിതത്തെ വിലയിരുത്തുന്നതിന് പകരം തന്‍റെ ജോലിയെ അടിസ്ഥാനമാക്കി വിലയിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

വിവാഹത്തിനിടെ നഷ്ടമായത് സ്വന്തം വ്യക്തിത്വമെന്ന് താരം

വിവാഹജീവിതം തന്‍റെ വ്യക്തിപരമായ വളർച്ചയെയും കരിയറിനെയും എങ്ങനെ ബാധിച്ചുവെന്നും സപ്ന അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ബിഗ് ബോസ് 11ൽ പങ്കെടുത്ത് വലിയ ജനപ്രീതി നേടിയ ശേഷമായിരുന്നു വിവാഹം. ഭാര്യ, അമ്മ, മരുമകൾ എന്നീ ഉത്തരവാദിത്വങ്ങൾ മികച്ച രീതിയിൽ നിറവേറ്റാൻ ശ്രമിച്ചെങ്കിലും അതിനിടെ സ്വന്തം വ്യക്തിത്വത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കും വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിഞ്ഞില്ലെന്ന് താരം പറഞ്ഞു.

മറ്റൊരാളുടെ ഭാര്യയോ അമ്മയോ മരുമകളോ എന്ന നിലയിൽ മാത്രം അറിയപ്പെടാൻ തനിക്ക് കഴിയില്ലെന്നും സ്വന്തം ആഗ്രഹങ്ങൾക്കും വ്യക്തിത്വത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും സപ്ന വ്യക്തമാക്കി. കുടുംബബന്ധങ്ങളിലും ഉത്തരവാദിത്വങ്ങളിലും മുഴുകിയപ്പോൾ സ്വയം പരിപാലിക്കുന്നതിനും കരിയർ മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധ കുറഞ്ഞുപോയെന്നും അവർ വെളിപ്പെടുത്തി.

രണ്ടാം വിവാഹത്തിന് ഇപ്പോൾ താൽപര്യമില്ല

വിവാഹമോചനത്തിന് പിന്നാലെ വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിനും 36കാരിയായ സപ്ന മറുപടി നൽകി. ഇപ്പോൾ രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് താരം വ്യക്തമാക്കിയത്. താൻ ഏറെ വൈകാരികമായി പ്രണയത്തെ കാണുന്ന വ്യക്തിയാണെന്നും എളുപ്പത്തിൽ പ്രണയത്തിലാകുന്ന സ്വഭാവമല്ലെന്നും അവർ പറഞ്ഞു. അർഹനായ ഒരാളെ ജീവിതത്തിൽ കണ്ടുമുട്ടിയാൽ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെങ്കിലും ഇപ്പോൾ വിവാഹത്തെക്കുറിച്ച് പദ്ധതികളില്ലെന്നാണ് സപ്നയുടെ നിലപാട്.