ഇഷ ഡിയോൾ.
File photo
അഭിനയജീവിതത്തിന്‍റെ 25 വർഷത്തോടടുക്കുമ്പോൾ ഇപ്പോഴും ജോലി ലഭിക്കുന്നതിൽ നന്ദിയുണ്ടെന്നും ഇരുപതുകളിൽ ചെയ്ത തരം വേഷങ്ങൾ ഇനി ചെയ്യാൻ ആഗ്രഹമില്ലെന്നും ഇഷ ഡിയോൾ. 'ഘൂംഘട്ട്', 'എസ്‌വൈജി', 'മാലാമാൽ വീക്ക്‌ലി 2' എന്നിവയാണു വരുന്ന ചിത്രങ്ങൾ.
മുംബൈ: സിനിമയിൽ 25 വർഷം തികയുമ്പോൾ ഇഷ ഡിയോളിനു പരാതിയല്ല പറയാനുള്ളത്, നന്ദിയാണ്. ഇപ്പോഴും ജോലി കിട്ടുന്നതിലും പോസ്റ്ററിൽ തന്‍റെ മുഖം കാണുന്നതിലും പ്രേക്ഷകഹൃദയങ്ങളിൽ ഇടമുള്ളതിലും താൻ കൃതജ്ഞയാണെന്നു താരം പറയുന്നു.
'അതിശയകരമാണ്, മനോഹരമാണ്. ഇപ്പോഴും ജോലി കിട്ടുന്നതിലും ഇവിടെ തുടരുന്നതിലും പോസ്റ്ററിൽ എന്‍റെ മുഖമുണ്ടെന്നതിലും നിങ്ങളുടെ ഹൃദയത്തിൽ ഒരിടമുണ്ടെന്നതിലും ഞാൻ നന്ദിയുള്ളവളാണ്,' ഇഷ പറഞ്ഞു. (പരിഭാഷ.) അമിത് സാദിനൊപ്പം അഭിനയിച്ച 'പ്രതാപ്' ആണ് ഇഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
ഇൻഡസ്ട്രിയിൽ കടക്കുക, ജോലി കിട്ടുക എന്നതായിരുന്നു തുടക്കത്തിലെ ലക്ഷ്യം. ഇപ്പോൾ വൈവിധ്യമുള്ള കഥകളും കഥാപാത്രങ്ങളും തേടി അർഥവത്തായ സംഭാവന നൽകാനാണ് ആഗ്രഹം. 'ഒരേ കാര്യത്തിൽ കുടുങ്ങിക്കിടക്കുന്നത് മടുപ്പിക്കും. ഞാൻ ആ ടൈപ്പല്ല,' പിടിഐക്കു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
'ഇരുപതുകളിൽ ചെയ്തതു ഇനി ചെയ്യില്ല'
45 വയസുള്ള ഇഷ, തനിക്കു ലഭിക്കുന്ന വേഷങ്ങൾ കാലക്രമേണ സ്വാഭാവികമായി മാറിയെന്നും ഇരുപതുകളുടെ തുടക്കത്തിൽ ചെയ്തതുപോലുള്ള കഥാപാത്രങ്ങൾ ഇപ്പോൾ തന്നെ ആകർഷിക്കുന്നില്ലെന്നും പറഞ്ഞു.
'ഒരു കലാകാരി എന്ന നിലയിൽ ഇരുപതുകളുടെ തുടക്കത്തിൽ ചെയ്തതൊന്നും ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കില്ല. അതു ഇനി എനിക്കു ചേരില്ല.'
'ഇൻഡസ്ട്രി എല്ലാം ശ്രദ്ധിക്കുന്നുണ്ട്. നിങ്ങൾ സജീവമാണെന്നു കാണുമ്പോൾ 'അവർ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്' എന്ന സംസാരം പരക്കും. പിന്നെ അവർ പരിഗണിച്ചുതുടങ്ങും. നിങ്ങൾ എങ്ങനെ സ്വയം അവതരിപ്പിക്കുന്നു, അവർ എങ്ങനെ കാണുന്നു എന്നതാണു കാര്യം.'
'ധൂം ഗേൾ' എന്ന വിളിപ്പേര്
ധൂം സിനിമയിൽ ഇഷ ഡിയോൾ.
ധർമേന്ദ്രയുടെയും ഹേമ മാലിനിയുടെയും മകളായ ഇഷ 2002ൽ 'കോയി മേരേ ദിൽ സേ പൂഛേ' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. 'ന തും ജാനോ ന ഹം', 'യുവ', 'കാൽ', 'ധൂം', 'നോ എൻട്രി' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2004ൽ പുറത്തിറങ്ങിയ 'ധൂം' എന്ന ആക്‌ഷൻ ചിത്രത്തിലെ വേഷത്തിലൂടെ കിട്ടിയ 'ധൂം ഗേൾ' എന്ന വിളിപ്പേര് ഇപ്പോഴും നിലനിൽക്കുന്നതിൽ നന്ദിയുള്ളവളാണെന്ന് ഇഷ പറഞ്ഞു. അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, ഉദയ് ചോപ്ര, റിമി സെൻ എന്നിവരും ആ ചിത്രത്തിലുണ്ടായിരുന്നു.
അന്ന് അഭിനയം 'സ്വാഭാവികം'
തുടക്കകാലത്തു സിനിമാ ജീവിതം കൂടുതൽ സ്വതസിദ്ധമായിരുന്നെന്നും, തിരക്കഥാകൃത്തുക്കൾ പലപ്പോഴും രാവിലെയാണ് സീനുകൾ എഴുതിയിരുന്നതെന്നും, സെറ്റിൽ വച്ചാണു വേഷം മാറിയിരുന്നതെന്നും ഇഷ ഓർമിച്ചു. ഇപ്പോൾ എല്ലാം വിശദമായി തയാറാക്കിയാണു ചെയ്യുന്നത്, അതും ഒരു രീതിയാണ്. 'തയാറെടുപ്പ് നല്ലതാണ്. എന്താണു ചെയ്യുന്നതെന്ന് അറിയാമല്ലോ. അതിനപ്പുറം, ആ മാജിക്കിന് ഒരല്പം ഇടം വിടണം.'
സ്ത്രീകേന്ദ്രീകൃത സിനിമകൾ കൂടുതൽ വരുന്നതിലും ഇഷ പ്രതീക്ഷ പ്രകടിപ്പിച്ചു. 'മനോഹരമായ ഒട്ടേറെ സ്ത്രീകേന്ദ്രീകൃത ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്. എഴുതുന്നവർ അവസരം നൽകുന്നു, പ്രേക്ഷകർ അതു അംഗീകരിക്കുന്നു എന്നതും ഏറെ മനോഹരമാണ്.'
ഭാവിയിൽ ആരുടെ കൂടെ പ്രവർത്തിക്കണം എന്ന ചോദ്യത്തിനു സഞ്ജയ് ലീല ഭൻസാലിയുടെ പേരാണ് ഇഷ പറഞ്ഞത്. 'അദ്ദേഹത്തിന്‍റെ ചിത്രീകരണരീതിയും സിനിമയും ഒരു സ്വപ്നമാണ്, ഞാൻ ഏറെ ആരാധിക്കുന്നു.'
വരാനുള്ള ചിത്രങ്ങൾ
ഹൊറർ കോമഡി 'ഘൂംഘട്ട്', സഞ്ജയ് ദത്ത് അഭിനയിക്കുന്ന പാൻ-ഇന്ത്യ തെലുങ്കു ചിത്രം 'എസ്‌വൈജി', കോമഡി ചിത്രം 'മാലാമാൽ വീക്ക്‌ലി 2' എന്നിവയാണ് ഇഷയുടെ പുതിയ പ്രോജക്ടുകൾ. അഭിനയത്തിനു പുറമേ ഇന്‍റീരിയർ ഡിസൈനിലും സജീവമായ അവർ, ജീവിതത്തിലെ മറ്റു ഉത്തരവാദിത്വങ്ങൾക്കനുസരിച്ചാണു ജോലി ക്രമീകരിക്കുന്നതെന്നും പറഞ്ഞു. 'പ്രതാപ്' യുവി ഫിലിംസിന്‍റെ ബാനറിൽ പ്രദീപ് രംഗ്വാനി നിർമിച്ച് സച്ചിൻ സരഫ് സംവിധാനം ചെയ്ത ചിത്രമാണ്.