മാളവിക അനിൽ കുമാർ
തന്റെ ഇൻസ്റ്റഗ്രാം വിഡിയോക്ക് താഴെ മോശം കമന്റ് ഇട്ടത് മുൻ ഭർത്താവിന്റെ അച്ഛനാണെന്ന വെളിപ്പെടുത്തലുമായി ഗായിക മാളവിക അനിൽ കുമാർ. കമന്റിനു താഴെ തന്നെ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് മാളവിക മറുപടി നൽകിയിരുന്നു. അതിനു പിന്നാലെയാണ് വിഡിയോയിലൂടെ വിശദമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. പത്തു വർഷം ആ വീട്ടിൽ എന്തൊക്കെയാണ് അനുഭവിക്കേണ്ടി വന്നതെന്ന് ഊഹിക്കാമെന്നും ആ വീട്ടിൽ നിന്ന് രക്ഷപെട്ടത് ഭാഗ്യമെന്നുമാണ് മാളവിക പറയുന്നത്.
മോശം കമന്റിൽ തനിക്ക് പ്രശ്നമില്ല. അയാൾ അയാളുടെ സംസ്കാരം കാണിച്ചു. വിദ്യാഭ്യാസമില്ലായ്മ ഒരു കുറ്റമല്ല, പക്ഷേ ഇത്ര പബ്ലിക് ആയി ഇത്ര വൃത്തി കെട്ട വാക്ക് ഉപയോഗിക്കണമെങ്കിൽ കഴിഞ്ഞ പത്തു വർഷം അയാളിൽ നിന്നും അയാളുടെ ഭാര്യയിൽ നിന്നും താൻ എന്തൊക്കെ അനുഭവിച്ചിരിക്കാമെന്ന് കോമൺ സെൻസുള്ളവർക്ക് മനസിലാകുമെന്നാണ് മാളവിക പറയുന്നത്.
താത്പര്യമില്ലാത്തതു കൊണ്ടാണ് പൊലീസിനെ സമീപിക്കാത്തത്. ഇനിയും ഇത്തരത്തിൽ തുടരുകയാണെങ്കിൽ പരാതി നൽകേണ്ടി വരും. പക്ഷേ ഈ കമന്റ് കണ്ടിട്ടും തന്റെ ബന്ധുക്കളോ അച്ഛനോ അമ്മയോ സുഹൃത്തുക്കളോ പോലും പ്രതികരിച്ചില്ല. അതേക്കുറിച്ചാണ് പറയാനുദ്ദേശിച്ചത്. ഒരു പ്രശ്നം വരുമ്പോൾ ഞങ്ങൾ ഉണ്ട് കൂടെ എന്ന് പറയുമ്പോഴും വൃത്തികേട് പറയുന്നവർക്കെതിരേ പ്രതികരിക്കുമ്പോഴും ഇരകൾക്ക് കിട്ടുന്ന ഒരു സുഖമുണ്ടെന്നും മാളവിക പറയുന്നു.
മ്യുസിഷൻമാർക്കും വേദനിക്കും, ഞങ്ങൾക്കും ഒരു മനസുണ്ട്. പ്രതികരണ ശേഷി ഉള്ളതു കൊണ്ട് മ്യൂസിക് സെൻസ് പോകില്ല. എന്റെ ദുഃഖം പറയുന്നുവെന്നു മാത്രമെന്നും മാളവിക പറയുന്നു. ഓംകാരം ശംഖിൽ ചേരുമ്പോൾ എന്ന ഗാനത്തിലൂടെയാണ് മാളവിക പിന്നണി ഗാന രംഗത്തെത്തിയത്. പിന്നീട് പാപനാശം, കെഡാവർ തുടങ്ങിയ സിനിമകളിലും പാട്ടുകൾ പാടി.