ഗൊന്ധൽ എന്ന മറാഠി സിനിമയിൽ നിന്ന്.

 
Entertainment

രാജേഷ് പുത്തൻപുരയിൽ ഫെസ്റ്റിവൽ ഡയറക്റ്റർ, എൽകെ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

33 ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ്; മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ മത്സരം; ഓസ്കാർ ചടങ്ങ് 2027 മാർച്ച് 14-ന്

Entertainment Desk

സന്തോഷ് ദാവഖർ രചനയും സംവിധാനവും നിർവഹിച്ച മറാഠി ത്രില്ലർ 'ഗൊന്ധൽ' 2026 സെപ്റ്റംബർ 18-ന് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ 33 സിനിമകളിൽ നിന്ന് തിരഞ്ഞെടുത്ത്, 2027 മാർച്ച് 14-ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന 99-ാമത് ഓസ്കാറിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി. മഹാരാഷ്ട്രയിലെ നാടൻ കലാരൂപവും ആചാരവുമായ ഗൊന്ധലിന്റെ രാത്രിയിൽ സുമൻ എന്ന യുവവധുവിനെ ചുറ്റിപ്പറ്റി ഒരു കൊലപാതകം സംഭവിക്കുന്നതാണ് കഥ. ഇളയരാജ പശ്ചാത്തല സംഗീതവും അമലേന്ദു ചൗധരി ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിൽ ഇഷിത ദേശ്മുഖ് സുമനായി വേഷമിടുന്നു. ശ്വാസ്, ഹരിശ്ചന്ദ്രാചി ഫാക്ടറി, കോർട്ട് എന്നിവയ്ക്ക് ശേഷം ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മറാഠി ചിത്രമാണിത്. അന്തിമ നോമിനേഷനിലെത്താൻ ആദ്യം അക്കാദമിയുടെ ഷോർട്ട്ലിസ്റ്റിൽ ഇടം നേടണം.

രാജേഷ് പുത്തൻപുരയിൽ

ഫെസ്റ്റിവൽ ഡയറക്റ്റർ, എൽകെ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു അധ്യായം എഴുതിച്ചേർക്കാൻ ഒരുങ്ങുകയാണ് 'ഗൊന്ധൽ' എന്ന മറാഠി ചിത്രം. ലോക സിനിമയുടെ പരമോന്നത വേദിയായ ഓസ്കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സന്തോഷ് ദാവഖർ രചനയും സംവിധാനവും നിർവഹിച്ച 'ഗൊന്ധൽ' എന്ന ചലച്ചിത്രം.

ഒരു നാടൻ കലാരൂപത്തിന്‍റെ പശ്ചാത്തലത്തിലുള്ള ത്രില്ലറാണ് 'ഗൊന്ധൽ'. മഹാരാഷ്ട്രയുടെ പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രധാന നാടൻ കലാരൂപവും ആചാരവുമാണ് ഗൊന്ധൽ. ദേവതകളെ പ്രീതിപ്പെടുത്തുന്നതിനായി സംഗീതവും നൃത്തവും കഥപറച്ചിലും ഉൾപ്പെടുത്തി രാത്രിയിൽ ഉടനീളം നടത്തുന്ന ഈ ആചാരത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. എന്നാൽ ഇത് ഒരു ആചാരത്തെക്കുറിച്ച് മാത്രമുള്ള സിനിമയല്ല. ആചാരത്തിന്‍റെയും അനുഷ്ഠാനത്തിന്‍റെയും പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളും പ്രണയവും സങ്കീർണതകളും കുറ്റബോധവും എങ്ങനെ വളരുന്നു എന്ന് ചിത്രം കാണിക്കുന്നു.

മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശത്ത് നവദമ്പതികൾക്കായി നടത്തുന്ന പരമ്പരാഗത ഭക്തി ആചാരമായ ഗൊന്ധൽ നടക്കുന്ന രാത്രിയിലാണ് കഥ വികസിക്കുന്നത്. സന്തുഷ്ടമല്ലാത്ത ദാമ്പത്യത്തിൽ കുടുങ്ങിപ്പോയ സുമൻ എന്ന യുവവധു, ഈ പവിത്രമായ ചടങ്ങിന്‍റെ രാത്രിയെ വിശ്വാസവഞ്ചനയുടെയും പ്രതികാരത്തിന്‍റെയും രാത്രിയാക്കി മാറ്റുന്നതാണ് സിനിമയുടെ പ്രമേയം. ഒരു ആചാരത്തെയോ സംസ്കാരത്തെയോ മാത്രമല്ല ചിത്രം കാണിച്ചുതരുന്നത്. ആദ്യരാത്രിയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള ത്രില്ലറായാണ് സിനിമ മുന്നോട്ടുപോകുന്നത്. ഒരു ഗ്രാമം, അവിടെ രാത്രിയിൽ നടക്കുന്ന ഒരു ആഘോഷം, അതിനിടയിൽ സംഭവിക്കുന്ന ഒരു കൊലപാതകം. ആദ്യ കാഴ്ചയിൽ ഒരു ഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യർക്കിടയിലെ കഥയായി തോന്നുമെങ്കിലും, സിനിമയ്ക്കുള്ളിലേക്ക് കടക്കുമ്പോൾ സങ്കീർണമായ മനുഷ്യബന്ധങ്ങളാണ് തുറന്നുകാട്ടപ്പെടുന്നത്. പ്രണയവും കാമവും അധികാരവും പുരുഷത്വവും സ്ത്രീസ്വാതന്ത്ര്യവും പ്രതികാരവും ഒരേ കഥയിൽ കൂടിച്ചേരുന്ന സിനിമയാണ് 'ഗൊന്ധൽ'. സിനിമയുടെ പേരും കഥയുടെ സ്വഭാവവും ഒരുപോലെയാണ്: മറാഠിയിൽ 'ഗൊന്ധൽ' എന്ന വാക്കിന് 'ആശയക്കുഴപ്പം' എന്നും അർത്ഥമുണ്ട്. ഗ്രാമത്തിൽ നടക്കുന്ന ഗൊന്ധൽ എന്ന പരമ്പരാഗത ചടങ്ങിലൂടെ സഞ്ചരിക്കുകയും ആളുകളിലൂടെയും ആഘോഷങ്ങളിലൂടെയും ആചാരങ്ങളിലൂടെയും കടന്നുപോവുകയും ചെയ്യുന്ന ക്യാമറ ഒടുവിൽ ഒരു യുവതിയിലേക്ക് എത്തുന്നു. ഏകദേശം 24 മിനിറ്റ് തുടർച്ചയായി നീളുന്ന ഈ ഷോട്ട് സിനിമയുടെ ദൃശ്യാനുഭവം മാത്രമല്ല, വരാനിരിക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലം കൂടി സംവിധായകൻ പ്രേക്ഷകന് പരിചയപ്പെടുത്തുന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന സംശയം തുടക്കം മുതൽ പ്രേക്ഷകന്‍റെ മനസ്സിൽ ഉണ്ടാക്കുകയും ചെയ്യുന്നു.

ഈ കഥയുടെ കേന്ദ്രം സുമൻ എന്ന സ്ത്രീയാണ്. സമ്പന്നനായ ഒരു ഗ്രാമവാസിയുടെ മകൻ ആനന്ദ് റാവുവിനെയാണ് സുമൻ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ വിവാഹം അവളുടെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല. ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്ന് രക്ഷപ്പെടാൻ സുമൻ സ്വന്തം ബുദ്ധിയും സാഹചര്യവും ഉപയോഗപ്പെടുത്തുന്നു. ഇതിലൂടെ അവൾ എടുക്കുന്ന തീരുമാനങ്ങൾ കഥയെ കൂടുതൽ സങ്കീർണമാക്കുന്നു.

ഇതിനിടയിൽ ഗൊന്ധൽ എന്ന ജനകീയ കലാരൂപം കഥയുടെ പ്രധാന ഭാഗമായി മാറുന്നു. ദൈവാരാധനയും സംഗീതവും പാട്ടും അവതരണവും എല്ലാം ഒന്നുചേരുന്ന ഈ ചടങ്ങ് സിനിമയിൽ ഒരു പശ്ചാത്തലം മാത്രമല്ല; ഇന്ത്യൻ സംസ്കാരത്തിന്‍റെ അടയാളമാകുന്നതിനൊപ്പം കഥയുടെ പ്രതീകമായും അതിനെ മാറ്റിയിരിക്കുകയാണ് സംവിധായകൻ. സിനിമയിലെ ഓരോ കഥാപാത്രവും സിനിമയുടെ പേരുപോലെതന്നെ വലിയ ആശയക്കുഴപ്പങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആരാണ് സത്യസന്ധൻ, ആരാണ് കള്ളം പറയുന്നത്, ആരാണ് ഇര, ആരാണ് വേട്ടക്കാരൻ, ആരാണ് മറ്റുള്ളവരെ നിയന്ത്രിക്കുന്നത് എന്നീ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ, കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ സ്വയം ചിന്തിപ്പിക്കാൻ വിട്ടുകൊടുക്കുകയാണ് സിനിമ. പ്രത്യേകിച്ച് സുമൻ എന്ന കഥാപാത്രത്തിലൂടെ, സ്ത്രീയുടെ ആഗ്രഹങ്ങളെ സമൂഹം എങ്ങനെയൊക്കെ നിയന്ത്രിക്കുന്നു എന്ന വിഷയം സിനിമ ശക്തമായി അവതരിപ്പിക്കുന്നു.

രാജ്യത്തെ വിവിധ ഭാഷകളിൽ നിന്നുള്ള 33 പ്രമുഖ സിനിമകളാണ് ഇന്ത്യയുടെ ഓസ്കർ എൻട്രിക്കായി മത്സരിച്ചത്. ഇത്തവണ മലയാള സിനിമയ്ക്കും അഭിമാനിക്കാൻ ഒരു നേട്ടമുണ്ട്: മത്സരിച്ച 33 സിനിമകളിൽ മലയാള ചിത്രമായ 'ബാലനും' ഉൾപ്പെട്ടിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച മലയാള ചിത്രമായ 'ബാലനെയും' തമിഴ് ചിത്രമായ 'ഡൊറോത്തി'യെയും നാഗാമീസ് ചിത്രമായ 'അംഗ്' എന്ന ചിത്രത്തെയും മറികടന്നാണ് 'ഗൊന്ധൽ' ഒന്നാമതെത്തിയത്. ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഏക ഔദ്യോഗിക എൻട്രിയായ 'ഗൊന്ധൽ' മികച്ച അന്താരാഷ്ട്ര ഫീച്ചർ സിനിമ എന്ന വിഭാഗത്തിലാണ് മത്സരിക്കുക. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജത മയൂര പുരസ്കാരവും ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഫിപ്രസി പുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്. ഇതിനു മുമ്പ് ശ്വാസ് (2005), ഹരിശ്ചന്ദ്രാചി ഫാക്ടറി (2009), കോർട്ട് (2015) എന്നീ മൂന്ന് മറാഠി സിനിമകളാണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രികളായി ഓസ്കർ വേദിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഗൊന്ധൽ എന്ന മറാഠി സിനിമയിൽ നിന്ന്.

സന്തോഷ് ദാവഖറിന്‍റെ സംവിധാന ജീവിതത്തിലെ ആദ്യ ഫീച്ചർ ചിത്രമാണ് 'ഗൊന്ധൽ'. ഗ്രാമീണ പശ്ചാത്തലവും കഥാവതരണത്തിലുടനീളമുള്ള സംഘർഷങ്ങളും ഒപ്പിയെടുക്കുന്ന ഇളയരാജയുടെ പശ്ചാത്തല സംഗീതം സിനിമയുടെ ആത്മാവായി മാറുന്നു. ദൃശ്യങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ആ സംഗീതം പ്രേക്ഷകർക്ക് മറ്റൊരു അനുഭവം കൂടി പകരുന്നു. അമലേന്ദു ചൗധരിയുടെ ഛായാഗ്രഹണം രാത്രിയുടെ ഇരുട്ടിനെയും വിളക്കുകളുടെ വെളിച്ചത്തെയും വളരെ സ്വാഭാവികമായി ഉപയോഗിച്ചിരിക്കുന്നു. ഇഷിത ദേശ്മുഖ് ആണ് സുമൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കിഷോർ കദം, യോഗേഷ് സോഹോനി, നിഷാദ് ഭോയിർ, അനുജ് പ്രഭു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ.

മറാഠി കഥയും ഒരു ഇന്ത്യൻ നാടൻ കലാരൂപവും പ്രാദേശിക സിനിമയും ഒരു പുതിയ ശബ്ദവും ഇപ്പോൾ ലോക സിനിമയുടെ ഏറ്റവും വലിയ വേദിയിലേക്ക് എത്തിയിരിക്കുകയാണ്. 2027 മാർച്ച് 14-ന് അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് 99-ാമത് അക്കാദമി അവാർഡ് (ഓസ്കർ) ചടങ്ങ് നടക്കുന്നത്. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, അക്കാദമിയുടെ ഔദ്യോഗിക വോട്ടിങ് പ്രക്രിയയിലൂടെ ഷോർട്ട്ലിസ്റ്റിൽ ഇടം നേടിയാൽ മാത്രമേ ചിത്രത്തിന് അന്തിമ നോമിനേഷൻ പട്ടികയിൽ എത്താനാകൂ. ഓസ്കർ വേദിയിൽ ഈ മറാഠി ചിത്രം ഇന്ത്യയുടെ അഭിമാനമായി മാറട്ടെ.

Gondhal, a Marathi thriller written and directed by Santosh Davakhar, was selected by the Film Federation of India on September 18, 2026, from 33 films as India’s official entry for Best International Feature Film at the 99th Academy Awards, to be held on March 14, 2027, at the Dolby Theatre in Los Angeles. Set around the Maharashtrian folk ritual of Gondhal, the film follows a young bride, Suman, on the night of the ritual when a murder occurs. Ilaiyaraaja composed the background score, Amalendu Chaudhary shot the film and Ishita Deshmukh plays Suman. It is the fourth Marathi film chosen as India’s Oscar entry, after Shwaas, Harishchandrachi Factory and Court. To reach the final nominations it must first make the Academy’s shortlist.