'കഭി ഖുഷി കഭി ഗം' ആരാധകർക്ക് സന്തോഷവാർത്ത; മുംബൈയിൽ റായ്ചന്ദ് കുടുംബത്തിന്‍റെ വീട് സന്ദർശിക്കാം

 
Entertainment

'കഭി ഖുഷി കഭി ഗം' ആരാധകർക്ക് സന്തോഷവാർത്ത; മുംബൈയിൽ റായ്ചന്ദ് കുടുംബത്തിന്‍റെ വീട് സന്ദർശിക്കാം

ഡിസംബർ ഒന്ന് മുതൽ ആറ് വരെയാണ് പ്രത്യേക സന്ദർശനാനുഭവം ഒരുക്കിയിരിക്കുന്നത്

Sarath Nath MS

ബോളിവുഡ് സിനിമാപ്രേമികളുടെ പ്രിയ ചിത്രമായ 'കഭി ഖുഷി കഭി ഗം' പുറത്തിറങ്ങിയിട്ട് 25 വർഷമായിരിക്കുകയാണ്. ചിത്രത്തിലെ റായ്ചന്ദ് കുടുംബത്തിന്‍റെ ആഡംബര വീട് ഇനി ആരാധകർക്ക് നേരിട്ട് സന്ദർശിക്കാം. സിനിമയുടെ 25-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി മുംബൈയിൽ ചിത്രത്തിലെ വീടിന്‍റെ പുനരാവിഷ്കാരം ഒരുക്കിയിരിക്കുകയാണ് ഓൺലൈൻ താമസസൗകര്യ പ്ലാറ്റ്ഫോമായ എയർബിഎൻബി.

ഡിസംബർ ഒന്ന് മുതൽ ആറ് വരെയാണ് പ്രത്യേക സന്ദർശനാനുഭവം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പൂജയുടെ (പൂ) വസ്ത്രശേഖരം, കുടുംബത്തിന്‍റെ പഠനമുറി, വിശാലമായ ഗോവണി എന്നിവയെല്ലാം ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്. സിനിമയിലെ ഓർമകൾ കോർത്തിണക്കിയ ഓഡിയോ ടൂറും സന്ദർശകർക്ക് ആസ്വദിക്കാം. കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ചലഞ്ചിൽ പങ്കെടുക്കാനും സിനിമയുടെ പ്രമേയമായ സ്നേഹത്തെയും കുടുംബബന്ധങ്ങളെയും കുറിച്ച് വ്യക്തിപരമായ കുറിപ്പെഴുതാനും അവസരമുണ്ട്. സന്ദർശകർക്ക് സമ്മാനവും ലഭിക്കും.

കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിച്ച കരീന കപൂർ, ഹൃത്വിക് റോഷൻ, സംവിധായകൻ കരൺ ജോഹർ എന്നിവരാണ് ഈ അനുഭവത്തിന്‍റെ വെർച്വൽ അവതാരകരായി എത്തുന്നത്. എന്നാൽ ഇവരുടെ നേരിട്ടുള്ള സാന്നിധ്യം പരിപാടിയിൽ ഉണ്ടാകില്ലെന്ന് എയർബിഎൻബി വ്യക്തമാക്കിയിട്ടുണ്ട്.

ആറ് ദിവസങ്ങളിലായി ആകെ 180 പേർക്കാണ് പ്രവേശനം. നവംബർ 23 ഉച്ചയ്ക്ക് 12 മണി മുതൽ എയർബിഎൻബി വെബ്സൈറ്റിലൂടെ ബുക്കിങ് ആരംഭിക്കും. പ്രവേശനം സൗജന്യമാണ്. ഒരാൾക്ക് ഒരു സഹായിയെയും ഒപ്പം കൊണ്ടുപോകാം. എന്നാൽ വേദിയിലേക്കും തിരിച്ചുമുള്ള യാത്രാച്ചെലവ് സന്ദർശകർ തന്നെ വഹിക്കണം.