ഗോവിന്ദ, സുനിത അഹൂജ
മുംബൈ: നടൻ ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ വിവാഹമോചന ഹർജി പിൻവലിച്ചു. ഗോവിന്ദയുടെ മാനേജർ ശശി സിൻഹയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വിഷയത്തിൽ ഗോവിന്ദ പ്രതികരിച്ചിട്ടില്ലെന്നും അൽപം മുൻപാണ് ഹർജി പിൻവലിച്ചതായി അറിഞ്ഞതെന്നും ദൈവം എല്ലാവരുടെയും മനസിൽ നല്ലതു തോന്നിക്കട്ടെ. ഗോവിന്ദയ്ക്കും സുനിതയ്ക്കും മക്കൾക്കും വേണ്ടിയാണ് താൻ സംസാരിക്കുന്നത്.
കുടുംബപ്രശ്നങ്ങൾ വീട്ടിൽ തന്നെ സംസാരിച്ച് തീർക്കാവുന്നതേയുള്ളൂ. ഇത് കോടതിയിലേക്ക് വലിച്ചിഴക്കേണ്ടതില്ലായിരുന്നുവെന്നും സിൻഹ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സുനിത ഗോവിന്ദയ്ക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് കുടുംബ കോടതിയെ സമീപിച്ചത്.
അതിനിടെ ഇരുവരും സമവായത്തിലെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 1987 മാർച്ചിലാണ് ഗോവിന്ദ സുനിതയെ വിവാഹം കഴിച്ചത്. മകൾ ടീന പിറക്കുന്നതു വരെ ഒരു വർഷത്തോളം വിവാഹം ഇരുവരും രഹസ്യമായി സൂക്ഷിച്ചു. 1997ൽ ഇരുവർക്കും യശ്വർധൻ എന്ന മകനും ജനിച്ചു.