ജീവ ജോസഫ്, അപർണ തോമസ്
മലയാള ടെലിവിഷൻ രംഗത്തെ ശ്രദ്ധേയ താരദമ്പതികളായ ജീവ ജോസഫും അപർണ തോമസും വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമാകുന്നു. അപർണയുടെ ജന്മദിനത്തോടനുബന്ധിച്ച് പങ്കുവച്ച കുറിപ്പും അതിന് താഴെ വന്ന ഒരു ചോദ്യത്തിന് നൽകിയ മറുപടിയുമാണ് പുതിയ ചർച്ചകൾക്ക് കാരണം.
ജന്മദിനത്തിൽ അപർണ പങ്കുവച്ച കുറിപ്പിൽ, ജീവിതത്തിൽ ലഭിച്ച പാഠങ്ങളെയും വളർച്ചയെയും കുറിച്ച് പറയുന്നതിനൊപ്പം ഇനി മുന്നോട്ട് തനിച്ചായി കൂടുതൽ ഉയരങ്ങളിലേക്ക് പോകുമെന്ന സൂചനയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരുടെ ഭാഗത്തുനിന്ന് നിരവധി ചോദ്യങ്ങൾ ഉയർന്നത്.
‘നാളെ നിങ്ങളുടെ വിവാഹവാർഷികം അല്ലേ?’ എന്ന കമന്‍റിന് അപർണ നൽകിയ ‘അതൊക്കെ പണ്ട്’ എന്ന മറുപടിയാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്. ഈ പ്രതികരണം ഇരുവരും തമ്മിലുള്ള ബന്ധത്തിൽ അകൽച്ചയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി നൽകിയിരിക്കുകയാണ്.
അപർണയുടെ മറുപടിക്ക് പിന്നാലെ നിരവധി ആരാധകർ നിരാശയും സങ്കടവും പങ്കുവച്ചു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കണമെന്നും വേർപിരിയരുതെന്നും ആവശ്യപ്പെട്ടുള്ള കമന്‍റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ജീവയും അപർണയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
എന്നാൽ, ഇതുസംബന്ധിച്ച് ജീവയോ അപർണയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാൽ തന്നെ ഇപ്പോഴത്തെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി വേർപിരിയൽ സ്ഥിരീകരിച്ചതായി പറയാനാകില്ല. ഇരുവരുടെയും വ്യക്തിജീവിതത്തിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.
2015 ഓഗസ്റ്റ് 24നായിരുന്നു ജീവയുടെയും അപർണയുടെയും വിവാഹം. മിനിസ്‌ക്രീനിലും സിനിമയിലും സജീവമായ ഇരുവരും മലയാളികളുടെ ശ്രദ്ധ നേടിയ താരദമ്പതികളാണ്. അപർണ മോഡലിങ്, യുട്യൂബ്, പ്രമോഷൻ രംഗങ്ങളിലും സജീവമാണ്. ജീവ അവതാരകനായും നടനായും ശ്രദ്ധേയനാണ്.