വി
രണ്ടരവർഷമായി ഒരു ചെവിക്ക് കേൾവി ശക്തിയില്ലെന്ന് വെളിപ്പെടുത്തി ബിടിഎസ് താരം വി ( കിം തേയ്ഹ്യുങ്). ഓഗസ്റ്റ് 12ന് സഹതാരമായ ജങ് കൂക്കിനൊപ്പം നടത്തിയ ലൈവ് ബ്രോഡ്കാസ്റ്റിലാണ് വി തന്‍റെ ആരോഗ്യപ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇടതു ചെവിക്ക് 100 ശതമാനം കേൾവി ശക്തിയുണ്ട്, എന്നാൽ വലതു ചെവിക്ക് 30 ശതമാനം കേൾവിശക്തി മാത്രമാണുള്ളതെന്ന് 30 വയസുള്ള വി പറയുന്നു. നിർബന്ധിത സൈനിക പരിശീലന കാലഘട്ടത്തിൽ തനിക്ക് നിരന്തരമായിചെവിയിൽ അസ്വസ്ഥത തോന്നിയിരുന്നുവെന്നും എന്നാൽ അത് പരിശീലനത്തിന്‍റെ ഭാഗമായി തോന്നുന്ന ക്ഷീണമായാണ് കണക്കാക്കിയിരുന്നതെന്നും താരം.
അതു കൊണ്ടു തന്നെ ആ സമയത്ത് മെഡിക്കൽ ചെക് അപ്പിന് തയാറായില്ല. അതോടെ പ്രശ്നം കുറച്ചു കൂടി രൂക്ഷമായി. ഇപ്പോൾ താൻ കൃത്യമായി ഡോക്റ്ററെ കണ്ട് ചികിത്സ ചെയ്യുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.
ശ്രദ്ധിക്കപ്പെടാതെ പോകുന്ന എന്നാൽ കേൾവിശക്തിയെ കാര്യമായി ബാധിക്കുന്ന സിംഗിൾ സൈഡഡ് ഹിയറിങ് ലോസാണ് താരത്തിന് സംഭവിച്ചിരിക്കുന്നത്. സാധാരണയായി നാഡികൾക്കുണ്ടാകുന്ന കേടുപാടുകൾ മൂലമോ അല്ലെങ്കിൽ ചെവിയിലെ തടസങ്ങൾ മൂലമോ ആണ് ഈ പ്രശ്നം ഉണ്ടാകാറുള്ളത്.
ഒരു ചെവിക്ക് കേൾവി കുറവ് അനുഭവപ്പെട്ടാൻ 48 മുതൽ 78 മണിക്കൂർ വരെയുള്ള സമയത്തിനുള്ളിൽ ചികിത്സിച്ചു മാറ്റാം എന്നാണ് ഡോക്റ്റർമാർ പറയുന്നത്. എന്നാൽ ഭൂരിപക്ഷം പേരും കേൾവിക്കുറവിലെ അലസമായി കൈകാര്യം ചെയ്യുകയാണ് പതിവ്.