എമറാള്‍ഡ് ഗ്രീന്‍ നിറത്തിലുള്ള ഓഫ്-ഷോള്‍ഡര്‍ പ്ലീറ്റഡ് ഗൗണില്‍ ഹണി റോസ്
മലയാള സിനിമ ലോകത്തെ പ്രമുഖ താരമാണ് ഹണി റോസ്. സിനിമയ്ക്ക് പുറമെ ഉദ്ഘാടന ചടങ്ങുകളിലും നിറഞ്ഞുനിൽക്കുന്ന താരത്തിനു ആരാധകർ ഒട്ടനവധിയാണ്. ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി സ്ഥിരമായി പൊതുവേദികളിൽ എത്താറുള്ള താരത്തിനു പക്ഷേ ശരീരപ്രകൃതിയുടെ പേരിൽ നിരന്തരം പരിഹാസം ഏൽക്കാറുണ്ട്. എന്നാൽ അത്തരം പരിഹാസങ്ങളെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുകയാണ് ഹണിയുടെ പതിവ്. ഇപ്പോഴിതാ ബോഡി ഷെയ്മിങ്ങിനെ കുറിച്ച് പൊതുവേദിയിൽ പരസ്യമായി പറഞ്ഞിരിക്കുകയാണ് ഹണി. കൊച്ചിയിൽ ഒരു ചടങ്ങിൽ സംസാരിക്കവേയാണ് ഹണിയുടെ ഈ തുറന്നുപറച്ചിൽ.
നമ്മളെല്ലാം ജീവിതത്തിൽ ഒന്നല്ലെങ്കിൽ വേറൊരു രീതിയിൽ ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുള്ള ആളുകളായിരിക്കുമെന്ന് ഹണി റോസ് പറയുന്നു. പ്രത്യേകിച്ചും തടി കൂടി എന്നതിന്‍റെ പേരിൽ പലപ്പോഴും പഴി കേൾക്കേണ്ടി വരുന്ന ആളുകളുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ജീവിതത്തിൽ കുറച്ച് ഉള്ളിലേക്ക് വലിയാനുള്ള അവസ്ഥ ഈ ബോഡി ഷെയിമിങ് കൊണ്ടുതന്നെ സംഭവിക്കാറുണ്ടെന്നും ഹണി പറയുന്നു. എന്നാൽ ഇത്തരം ബോഡി ഷെയ്മിങ്ങിനെ അതിജീവിക്കാൻ നാം സ്വയം തയ്യാറാവണമെന്നും അതിനായി മാർഗങ്ങൾ കണ്ടെത്തണമെന്നുമാണ് ഹണി മുന്നോട്ടുവയ്ക്കുന്ന സന്ദേശം.
ശരീര പ്രകൃതത്തിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ ഹണിക്കെതിരെ നിരന്തരം ട്രോളുകൾ ഉണ്ടാവാറുണ്ട്. പലപ്പോഴും ഇത്തരം പരിഹാസങ്ങൾ അതിരുവിടുകയും ചെയ്യും. കൂടുതൽ വലിപ്പം തോന്നിക്കാൻ ഹണിയുടെ ശരീരത്തിന്‍റെ പലഭാഗവും പാഡുകൾ കൊണ്ടുള്ള വച്ചുകെട്ടാണെന്ന തരത്തിൽ അടക്കമാണ് പരിഹാസം. ശരീര പ്രദർശനമാണ് ഹണിയുടെ ഉദ്ദേശമെന്നു വരെ ആക്ഷേപിക്കുന്നു. ഇത്തരത്തിൽ സോഷ്യൽ മീഡിയിൽ ഹണിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ ബോഡി ഷെയ്മിങ്ങിന്‍റെ ശരമാരിയാണ് നിരന്തരം നടക്കുന്നത്. എന്നാൽ ഇത്തരം പരിഹാസങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണ് ഹണിയുടെ പതിവ്.
എമറാൾഡ് ഗ്രീനിൽ മനംകവർന്ന് ഹണി
എമറാള്‍ഡ് ഗ്രീന്‍ നിറത്തിലുള്ള ഓഫ്-ഷോള്‍ഡര്‍ പ്ലീറ്റഡ് ഗൗണില്‍ അതീവ ഗ്ലാമറസും എലഗന്‍റുമായ ലുക്കിലാണ് ഹണി ചടങ്ങിനെത്തിയത്. സ്ട്രാപ്പ്ലെസ് നെക്‌ലൈൻ ഷോള്‍ഡറുകളുടെ ഭംഗി എടുത്തുകാട്ടുമ്പോള്‍, ബോഡിസ് ഭാഗത്തെ പ്ലീറ്റഡ് ഡിസൈനും അരയിലും ഹിപ്പ് ഭാഗത്തുമുള്ള ക്രിസ്റ്റല്‍ സ്റ്റോണ്‍ എംബ്രോയ്ഡറിയും ഔട്ട്ഫിറ്റിന് ആഡംബര സ്പര്‍ശം നല്‍കുന്നു. താഴേക്ക് മനോഹരമായി ഒഴുകിയിറങ്ങുന്ന ഗൗണ്‍ റോയല്‍ ലുക്കാണ് ഹണിക്ക് നല്‍കുന്നത്.