സുസന്നെ ഖാൻ, ഹൃത്വിക് റോഷൻ
ബോളിവുഡിനെ ഞെട്ടിച്ച വേർപിരിയലായിരുന്നു ഹൃതിക് റോഷന്റെയും സുസന്നെ ഖാന്റെയും. എന്നാൽ വേർപിരിഞ്ഞതിനു ശേഷവും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത് സൂസന്നെയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഹൃതിക് പങ്കുവച്ച കുറിപ്പാണ്.
ദാമ്പത്യത്തിന്റെ തുടക്കകാലത്ത് പകർത്തിയ ചിത്രങ്ങൾ ഉൾപ്പടെ ഉൾപ്പടുത്തിക്കൊണ്ടാണ് പോസ്റ്റ്. സുസന്നയെ വാനോളം പുകഴ്ത്താനും ഹൃതിക് മറന്നില്ല. അത്ഭുതമാണ് സുസന്നെ എന്നാണ് ഹൃത്വിക് കുറിച്ചിരിക്കുന്നത്. മക്കൾക്ക് ഏറ്റവും മികച്ച അമ്മയാണെന്നും നീ ജീവിച്ച ജീവിതത്തിൽ അഭിമാനമുണ്ടെന്ന് ഹൃതിക് കുറിക്കുന്നു.
"ഈ വർഷം നിനക്ക് എല്ലാ സ്നേഹവും സന്തോഷവും മാന്ത്രികതയും നിറഞ്ഞതാവട്ടെ. നിനക്ക് ചുറ്റുമുള്ളവരിലേക്ക് നീ പങ്കുവയ്ക്കുന്നതുപോലെ. നീ ജീവിച്ച ജീവിതത്തിലും നീ നേരിട്ട വെല്ലുവിളികളിലും നീ വളർന്ന് എത്തിയ വ്യക്തിത്വത്തിലും എനിക്ക് അഭിമാനമുണ്ട്. സത്യത്തിൽ, അമ്മയുടെ അത്മാവ് നിന്റെ ഉള്ളിൽ ജീവിക്കുന്നുണ്ട്. റേയ്ക്കും റിഡ്സിനും നീ മികച്ച അമ്മയാണ്. പോസിറ്റീവുകൾ നിറഞ്ഞ പ്രകാശം അവർക്ക് കാണിച്ചുകൊടുക്കുന്നതിന് എനിക്ക് എന്നും നന്ദിയുണ്ട്. നീ ശരിക്ക് അത്ഭുതമാണ്. അച്ഛൻ പറഞ്ഞതുപോലെ അത്ഭുതങ്ങൾക്കാണ് അത്ഭുതം പ്രവർത്തിക്കാനാവൂ. നീ അത്ഭുതങ്ങളാണ് ചെയ്യുന്നത്. നിനക്ക് കൂടുതൽ കരുത്തുനേടാനാവട്ടെ. ലോകത്തിലെ എല്ലാ നഗരങ്ങളിലേക്കും നിന്റെ ചാർക്കോൾ പ്രൊജക്റ്റ് എത്തട്ടെ. സ്വപ്നങ്ങൾ കീഴടക്കാൻ നിനക്കാവട്ടെ. നിന്നെ പ്രോത്സാഹിപ്പിക്കാൻ എപ്പോഴും ഞാൻ കൂടെയുണ്ടാകും.'- ഹൃതിക് കുറിച്ചു.
പോസ്റ്റിന് താഴെ കമന്റുമായി സുസന്നെയും രംഗത്തെത്തി. "വളരെ നന്ദി റൈ, നമ്മുടെ റെയ്ക്കും റിഡ്സിനും മികച്ച മാതാപിതാക്കളായി തുടരാൻ നമുക്കാവട്ടെ. നിനക്കും സബയ്ക്കും എനിക്കും അർസ്ലാനും നമ്മൾ എല്ലാവർക്കും സന്തോഷമുണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.'- എന്നാണ് സുസന്നെ കുറിച്ചത്. ഹൃതിക്കിന്റെ കാമുകി സബ ആസാദും പോസ്റ്റിന് താഴെ കമന്റുമായി എത്തി. ഹാർട്ട് ഇമോജിയാണ് സബ പങ്കുവച്ചത്.