ശ്രുതിക സുരേഷ് ഗോപിക്കൊപ്പം
പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചതെന്ന വെളിപ്പെടുത്തലുമായി നടി ശ്രുതിക. സ്വപ്നം കൊണ്ട് തുലാഭാരം എന്ന സിനിമയിലാണ് ശ്രുതിക സുരേഷ് ഗോപിയുടെ നായികയായത്. തമിഴ് യൂട്യൂബിനു നൽകിയ അഭിമുഖത്തിലാണ് ശ്രുതിക ഇക്കാര്യം തുറന്നു പറയുന്നത്. കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അന്ന് പത്താം ക്ലാസിലാണ് പഠിക്കുന്നതെന്ന് പറഞ്ഞപ്പോൾ സുരേഷ് ഗോപി ഞെട്ടിയെന്നും പിറ്റേ ദിവസം ഒരു പെർഫ്യൂം സമ്മാനമായി നൽകിയെന്നും ശ്രുതിക പറയുന്നു. ഭാഷ അറിയില്ല, പുതിയ സ്ഥലവുമാണ്. അതുകൊണ്ട് കംഫർട്ടബിൾ ആയി ഇരിക്കാൻ വേണ്ടിയാണ് സമ്മാനം നൽകിയതെന്ന് ശ്രുതിക പറയുന്നു. നല്ലൊരു ഭാവിയുണ്ടാകട്ടേ എന്ന് സുരേഷ് ഗോപി ആശംസിക്കുകയും ചെയ്തു.
ഇന്ന് സുരേഷ് ഗോപി മന്ത്രിയാണെന്ന് അവതാരക പറയുമ്പോൾ ശ്രുതിക അമ്പരപ്പോടെയാണ് പ്രതികരിക്കുന്നത്. ഒരു ചെറിയ പെൺകുട്ടി കംഫോർട്ടബിൾ ആയിരിക്കാൻ സമ്മാനം നൽകിയ അദ്ദേഹം എംപി ആയാൽ നാട്ടുകാർക്ക് വേണ്ടി എന്തെല്ലാം ചെയ്യും എന്നാണ് ശ്രുതിക അതിനു മറുപടിയായി ചോദിക്കുന്നത്.
സൂര്യയുടെ ശ്രീ എന്ന ചിത്രത്തിലെ നായികയായി 2002ൽ ആണ് ശ്രുതിക സിനിമയിൽ എത്തുന്നത്. പിന്നീട് ആൽബം, നള ദമയന്തി എന്നീ സിനിമകളിലും അഭിനയിച്ചു. രണ്ടു വർഷം മാത്രമാണ് ശ്രുതികയുടെ കരിയർ നീണ്ടു നിന്നത്. ഇപ്പോൾ ടെലിവിഷൻ ഷോകളിൽ സജീവമാണ്.