മുത്തുകുമരൻ, വാഹിദ

 
Entertainment

ബിഗ്ബോസ് താരം വിവാഹ വാഗ്ദാനം നൽകി ചതിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച് ഇൻഫ്ലുവൻസർ വാഹിദ|Video

മുത്തുകുമരൻ ശാരീരികമായും ലൈംഗികമായും ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് വാഹിദയുടെ ആരോപണം.

Entertainment Desk

തമിഴ് ബിഗ് ബോസ് താരം മുത്തുകുമരൻ ജഗദീശ് വിവാഹവാഗ്ദാനം നൽകി ചതിച്ചുവെന്ന് ആരോപിച്ച് ഇൻഫ്ലുവൻസർ വാഹിദ അക്തർ. വാഹിദ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും സൂചിപ്പിക്കുന്ന പോസ്റ്റുകളും സോഷ്യൽമീഡിയയിൽ വൈറലാണ്. വാഹിദ തന്നെയാണ് ആശുപത്രിയിലാണെന്നും നിർഭാഗ്യവശാൽ ജീവനോടെയുണ്ടെന്നും ഭയക്കേണ്ടതില്ലെന്നുമുള്ള കുറിപ്പോടെ ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. തൊട്ടു മുൻപേ മുത്തുകുമരനുമായുള്ള ബന്ധത്തെക്കുറിച്ചും തന്‍റെ ഈ അവസ്ഥയ്ക്കു കാരണം മുത്തുകുമരനാണെന്ന് ആരോപിച്ചു കൊണ്ടുമുള്ള പോസ്റ്റ് പങ്കു വച്ചിരുന്നു.

തമിഴ് ബിഗ്ബോസ് സീസൺ 8 വിജയിയാണ് മുത്തുകുമരൻ. ഒരു പ്രണയബന്ധം തകർന്ന സമയത്താണ് മുത്തുകുമരനുമായി അടുത്തതെന്നും താൻ വിവാഹിതയും ഒരു കുഞ്ഞിന്‍റെ അമ്മയുമാണെന്നും അറിഞ്ഞിട്ടും താലി കെട്ടാമെന്ന് ഉറപ്പു നൽകിയിരുന്നെന്നും വാഹിദ പറയുന്നു. മുത്തുകുമരനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും പിന്നീട് ഈ ബന്ധത്തിൽ താത്പര്യമില്ലെന്നാണ് അയാൾ പറയുന്നതെന്നും തന്നെ മുത്തുകുമരൻ ശാരീരികമായും ലൈംഗികമായും ചൂഷണം ചെയ്യുകയായിരുന്നുവെന്നുമാണ് വാഹിദയുടെ ആരോപണം.

പറ്റുമെങ്കിൽ സത്യം പറയൂ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്നും വാഹിദ മുത്തുകുമരനോട് പറയുന്നുണ്ട്. മുത്തുകുമരനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ വിഡിയോയും പങ്കു വച്ചിട്ടുണ്ട്. വാഹിദയുടെ ഇൻസ്റ്റഗ്രാമിലെ മറ്റു പോസ്റ്റുകളെല്ലാം നീക്കം ചെയ്തിരിക്കുകയാണ്. മുത്തുകുമരന്‍റെ ആവശ്യപ്രകാരമാണ് വിഡിയോകൾ എല്ലാം നീക്കിയതെന്നും തന്നെ മണ്ടിയാക്കുകയായിരുന്നുവെന്നും വാഹിദയുടെ പോസ്റ്റിലുണ്ട്.