രൺബീർ കപൂറും ആലിയ ഭട്ടും
ബോളിവുഡിലെ ഇഷ്ട ജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. കെനിയയിലെ മാസായി മാറയിൽ വച്ച് രൺബീർ നടത്തിയ വിവാഹഅഭ്യർഥനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വിവാഹ അഭ്യർഥന നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് രൺബീർ കപൂർ. പുതിയ ചിത്രമായ രാമായണത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോൻ ബനേഗാ ക്രോർപതി പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് നടൻ മനസുതുറന്നത്.
മൂന്ന് സിംഹങ്ങൾക്ക് മുന്നിൽവച്ചായിരുന്നു ആലിയയെ പ്രൊപ്പോസ് ചെയ്തത് എന്നാണ് രൺബീർ പറഞ്ഞത്. ആലിയയ്ക്ക് മുന്നിൽ മുട്ടുകുത്തി നിന്നപ്പോൾ എലിയെ പോലെ പേടിച്ചു വിറയ്ക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. പ്രൊപ്പോസ് ചെയ്യുന്ന കാര്യം കൂടെയുണ്ടായിരുന്ന ഡ്രൈവർ കൂടിയായ ഗൈഡിനോട് പറഞ്ഞിരുന്നു. ഇതിനായി കാടിനു നടുവിൽ ഒരിടത്ത് വണ്ടി നിർത്തണമെന്നും നേരത്തെ പറഞ്ഞിരുന്നു. പ്രൊപ്പോസ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പകർത്തണമെന്ന് ഇയാളോട് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് രൺബീർ പറയുന്നത്.
വീട്ടിൽ നിന്ന് വന്നപ്പോഴേ ഞാൻ മോതിരം കൈയിൽ കരുതിയിരുന്നു. പക്ഷേ, അവിടത്തെ കാലാവസ്ഥ എന്തായിരുന്നു എന്ന് ചോദിച്ചാൽ, 100 അടി ദൂരെ മൂന്ന് സിംഹങ്ങൾ നിൽക്കുകയായിരുന്നു. എന്റെ പെൺസിംഹം എന്റെ മുന്നിലും നിൽക്കുന്നു. ഒരു എലിയെ പോലെ ഞാൻ മുട്ടിൽ ഇരുന്ന് ചോദിച്ചു- ബേബി, എന്നെ വിവാഹം കഴിക്കാമോ? എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു അത്. ഞാൻ എന്നും അത് ഓർത്തുവെക്കും- രൺബീർ പറഞ്ഞു.
കുട്ടിക്കാലം മുതൽ പരിചയമുണ്ടായിരുന്നെങ്കിലും 2018ൽ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ ഒന്നിച്ച് വർക്ക് ചെയ്തതോടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2022ലാണ് രൺബീർ വിവാഹഭ്യർഥന നടത്തുന്നത്. 2022 ഏപ്രിൽ 14ന് മുംബൈയിൽ വച്ച് ഇവർ വിവാഹിതരായി. നവംബറിൽ ദമ്പതികൾക്ക് റാഹ എന്ന പെൺകുഞ്ഞ് പിറന്നു.