റിമി ടോമി
ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ഒറ്റയ്ക്ക് നേരിടാൻ പഠിച്ച ഒരാളാണ് റിമി ടോമി. ഒരുകാലത്ത് പരിപാടികൾക്ക് പോകാൻ പോലും അനിയൻ റിങ്കു ടോമിയുടെ കൂട്ടുവേണ്ടിയിരുന്ന റിമി ഇന്ന് ഒറ്റയ്ക്ക് യാത്രകൾ നടത്തുകയും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. സ്റ്റേജ് ഷോകളും ടെലിവിഷൻ പരിപാടികളുമായി കരിയറിലും സജീവമാണ് താരം. ഇതിനിടെയാണ് രണ്ടാം വിവാഹത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ റിമി തുറന്നുപറഞ്ഞത്.
ഒരു സ്റ്റേജ് ഷോയ്ക്കിടെയാണ് റിമി താൻ വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് സദസിലുള്ളവരോട് അഭിപ്രായം ചോദിച്ചത്. രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നതിൽ തെറ്റുണ്ടോ, വേണോ വേണ്ടയോ എന്നായിരുന്നു റിമിയുടെ ചോദ്യം. എന്നാൽ സദസിൽ നിന്ന് ഉയർന്ന മറുപടി വേണ്ട എന്നായിരുന്നു.
''വെറുതെ ഒരു പാവം മനുഷ്യന്റെ ജീവിതം നശിപ്പിക്കാൻ എനിക്ക് യാതൊരു ആഗ്രഹവും ഇല്ല. എന്നാലും ചോദിക്കുകയാണ്. രണ്ടാമതൊരു കല്യാണത്തെക്കുറിച്ച് ചിന്തിച്ചാൽ അത് തെറ്റാണോ, നല്ലതാണോ, ചീത്തയാണോ? വേണോ വേണ്ടയോ? വേണം എന്നുള്ളവർ കൈയടിക്കാമോ?'' എന്നായിരുന്നു റിമിയുടെ ചോദ്യം.
എന്നാൽ രണ്ടാം വിവാഹം വേണ്ടെന്ന അഭിപ്രായമാണ് സദസിൽ ഭൂരിപക്ഷവും പ്രകടിപ്പിച്ചത്. സന്തോഷമായി ജീവിക്കൂ എന്നായിരുന്നു പലരുടെയും പ്രതികരണം. അതേസമയം, രണ്ടാം വിവാഹം വേണമെന്ന് അഭിപ്രായപ്പെട്ട് കൈയടിച്ചവരോട് റിമി തമാശരൂപേണ ചോദിച്ചത്, ‘ഞാനിങ്ങനെ സുഖിച്ച് ജീവിക്കുന്നത് ഇഷ്ടപ്പെടുന്നില്ലല്ലേ?’ എന്നായിരുന്നു.
റിമിയുടെ ഈ സംഭാഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിലും രണ്ടാം വിവാഹം വേണ്ടെന്ന അഭിപ്രായമാണ് കൂടുതലായി ഉയരുന്നത്.
ടെലിവിഷൻ മ്യൂസിക് ഷോയുടെ അവതാരകയായാണ് റിമി ടോമി കരിയർ ആരംഭിച്ചത്. നിരവധി ഗാനമേളകളിലൂടെ ശ്രദ്ധേയയായ റിമി, ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശ മാധവൻ’ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം’ എന്ന ഗാനത്തിലൂടെയാണ് പിന്നണിഗാനരംഗത്തേക്ക് എത്തിയത്. സ്റ്റേജ് ഷോകളാണ് റിമിയുടെ ഏറ്റവും വലിയ കരുത്ത്. തന്റെ സംസാരശൈലിയും ഊർജസ്വലമായ അവതരണവും കൊണ്ട് കാണികളെ കൈയിലെടുക്കുന്ന റിമി, ജീവിതത്തിലെ പുതിയ അനുഭവങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
2008 ഏപ്രിൽ 27നായിരുന്നു റിമി ടോമിയും റോയ്സ് കിഴക്കൂടനും തമ്മിലുള്ള വിവാഹം. എന്നാൽ 11 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2019ൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചന നടപടികൾ.
വിവാഹമോചനത്തെക്കുറിച്ച് 2020ൽ പ്രതികരിച്ച റിമി, ആ ബന്ധം അവസാനിച്ചതിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്ന നിലപാടാണ് പങ്കുവച്ചത്. ഒന്നിച്ചുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും എന്തിനും ഓരോ കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും താരം വ്യക്തമാക്കിയിരുന്നു. അന്ന് മറ്റൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും റിമി പറഞ്ഞിരുന്നു.
എന്നാൽ വർഷങ്ങൾക്കിപ്പുറം, രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് തെറ്റാണോ എന്ന് ഒരു സ്റ്റേജ് ഷോയ്ക്കിടെ സദസിനോട് ചോദിച്ചിരിക്കുകയാണ് റിമി. ഒരിക്കൽ വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ താരം, ഇപ്പോൾ വീണ്ടും വിവാഹത്തെക്കുറിച്ചുള്ള ചോദ്യം ഉയർത്തുമ്പോൾ അത് ആരാധകർക്കിടയിലും ചർച്ചയാകുകയാണ്.