ജടായുപ്പാറ ആന്ധ്രയുടെയോ? അതിനു ഞങ്ങൾ ചാവണമെന്ന് കൊല്ലം, അവകാശമുന്നയിച്ച് തമിഴ്നാടും; ട്രോളുകളുടെ പൂരം

 
Entertainment

ജടായുപ്പാറ ആന്ധ്രയുടെയോ? അതിനു ഞങ്ങൾ ചാവണമെന്ന് കൊല്ലം, അവകാശമുന്നയിച്ച് തമിഴ്നാടും; ട്രോളുകളുടെ പൂരം

സംവിധായകനും ശിൽപിയുമായ രാജീവ് അഞ്ചലാണ് ചിറകറ്റ് വീണ് കിടക്കുന്ന പക്ഷിയുടെ ശിൽപം നിർമിച്ചത്.

Entertainment Desk

രാമായണ സിനിമ ഇറങ്ങിയതിനു പിന്നാലെ വലിയൊരു വാക്കുതർക്കത്തിലാണ് ആന്ധ്രപ്രദേശുകാരും കേരളീയരും. ജടായു ചിറകിൽ വെട്ടേറ്റ് വീണത് ആന്ധ്രപ്രദേശിലെ ലേപാക്ഷിയിൽ ആണെന്നാണ് ആന്ധ്രക്കാർ വാദിക്കുന്നത്. എന്നാൽ കൊല്ലത്തെ ചടമംഗലത്താണ് വീണതെന്നാണ് കേരളീയരുടെ വാദം. ഈ രണ്ടു സ്ഥലങ്ങളിലും ജടായുവിന്‍റെ കൂറ്റൻ ശിൽപ്പമുണ്ടെന്നതാണ് മറ്റൊരു കൗതുകം.

വാൽമീകി രാമായണത്തിലാണ് ദിവ്യ പക്ഷിയായ ജടായുവിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പഞ്ചവടിയിൽ നിന്ന് രാവണൻ സീതയെ അപഹരിച്ച് പുഷ്പകവിമാനത്തിൽ യാത്ര തിരിച്ചപ്പോൾ ജടായു എതിർക്കാൻ ശ്രമിച്ചുവെന്നും ഒടുവിൽ രാവണന്‍റെ വെട്ടേറ്റ് ഒരു ചിറകറ്റ് ജടായു താഴേക്ക് വീണുവെന്നുമാണ് ഐതിഹ്യം. പിന്നീട് രാമൻ സീതയെ തേടി എത്തും വരെയും ജടായു ജീവൻ വെടിയാതെ കാത്തിരുന്നുവെന്നും രാവണൻ തട്ടിക്കൊണ്ടു പോയതായി അറിയിച്ചുവെന്നുമാണ് രാമായണത്തിലുള്ളത്. രാവണൻ ജടായുവിനോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടുവെന്നും അങ്ങനെയാ‌ണ് ലേപാക്ഷി എന്ന പേര് ലഭിച്ചതെന്നുമാണ് ആന്ധ്രക്കാർ വിശ്വസിക്കുന്നത്. ഇരു ചിറകുകളും വിടർത്തി നിൽക്കുന്ന ജടായുവിന്‍റെ ഒരു ശിൽപം ഇവിടെ നിർമിച്ചിട്ടുണ്ട്.

ചടയമംഗലത്ത് സമുദ്രനിരപ്പിൽ നിന്ന് ആയിരം അടി ഉയരത്തിൽ കൂറ്റൻ പാറയുടെ മുകളിലാണ് ജടായുവിന്‍റെ ശിൽപം നിർമിച്ചിരിക്കുന്നത്. സംവിധായകനും ശിൽപിയുമായ രാജീവ് അഞ്ചലാണ് ചിറകറ്റ് വീണ് കിടക്കുന്ന പക്ഷിയുടെ ശിൽപം നിർമിച്ചത്.

അതേ സമയം തമിഴ്നാട്ടിലെ തിരുപ്പുക്കുഴിയിലാണ് ജടായു വീണതെന്ന് തമിഴ്നാട്ടുകാരും വാദിക്കുന്നുണ്ട്. ജടായുവിന്‍റെ അന്ത്യകർമങ്ങൾക്കു വേണ്ടി രാമൻ സൃഷ്ടിച്ചുവെന്ന് വിശ്വസിക്കുന്ന ജടായു പുഷ്കരിണി എന്ന പുഴയും ഇവിടെയുണ്ട്.

സംസ്ഥാനങ്ങൾ തമ്മിൽ അവകാശവാദങ്ങൾ ഉന്നയിച്ചു തുടങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പൂരമാണ്. പപ്പടം പോലും കൊടുത്തിട്ടില്ല പിന്നെയാണ് ജടായു എന്ന രീതിയിൽ പഴയ തല്ല് വാർത്തകളുടെ റെഫറൻസോടെയാണ് മലയാളികൾ ജടായുവിന് വേണ്ടി വാദിക്കുന്നത്. ആകാശത്തു കൂടി പോയ രാവണൻ എന്ന വള്ളിയെ പിടിക്കണമെങ്കിൽ ജടായു കൊല്ലംകാരൻ തന്നെയായിരിക്കുമെന്ന് മറ്റൊരു ട്രോൾ.