മായൻ പോസ്റ്ററിൽ ജയസൂര്യ.
അറുപത്താറിൽ ആറാം പ്രാക്ക്...
കള്ള പ്രാക്ക്, കന്നിപ്രാക്ക്...
എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ എത്തി. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമിക്കുന്നത്. വരികളിലും, ദൃശ്യങ്ങളിലും ഭീതി നിറഞ്ഞു നിൽക്കുന്നതാണ് ഗാനം. ക്രൈസ്തവ സമൂഹത്തിലെ പ്രാർഥനയുടെ ടോൺ ഗാനത്തിൽ നിഴലിക്കുന്നു. രാജീവ് ഗോവിന്ദൻ രചിച്ച് മുജീബ് മജീദും ജോൺസ് റോയിയും ചേർന്ന് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ജോൺസ് റോയിയും സംഘവും ചേർന്നാണ്. ആലാപനത്തിലും ഏറെ വ്യത്യസ്തമാണ് ഗാനം.
സത്യവും മിഥ്യയും കോർത്തിണക്കി, വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ, ഫാന്റെസി, ഹൊറർ ഴോണറിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. പുരാതന ക്രിസ്ത്യൻ തറവാടുകളിൽ നിലനിന്നിരുന്നു എന്നു പറയപ്പെടുന്ന കറുത്തച്ചനൂട്ട് എന്ന ആചാരം ചിത്രത്തിന്റ പ്രധാന ഘടകമാണന്നാണ് സൂചന.
ആക്ഷനും വയലൻസും ഹൊററും ഇമോഷണൽ ഡ്രാമയുമൊക്കെ കോർത്തിണക്കിയ ക്ലീൻ എന്റെർടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നൈല ഉഷ, വിജയ് ബാബു, ആർഷ ബൈജു, നിരഞ്ജന അതുൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും പ്രധാന അഭിനേതാക്കളാണ്.
റാഫിയും സംവിധയകൻ ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം-ഫൈസൽ അലി. എഡിറ്റിങ് പ്രവീൺ കുമാർ. ഡിസംബർ മൂന്നിന് ഈ ചിത്രം സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.