ഫഹദ് ഫാസിൽ, ജൂനിയർ എൻടിആർ

 
Entertainment

"എനിക്ക് വളരെ കുറച്ച് നടന്മാരെ മാത്രമേ ഇഷ്ടമുള്ളൂ, ആ ലിസ്റ്റിലെ ആദ്യത്തെ ആൾ ഫഹദാണ്": പ്രശംസിച്ച് ജൂനിയർ എൻടിആർ

കോവിഡ് സമയത്താണ് ഫഹദ് തന്‍റേയും കുടുംബത്തിന്‍റേയും ജീവിതത്തിലേക്ക് കടന്നുവന്നത് എന്നാണ് അദ്ദേഹം പറയുന്നത്

Manju Soman

ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിൾ റിലീസിന് തയാറെടുക്കുകയാണ്. ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തുന്ന ആദ്യ തെലുങ്ക് ചിത്രം എന്ന പ്രത്യേകതയുണ്ട്. അതിനാൽ തന്നെ നിരവധി മുൻനിര തെലുങ്ക് താരങ്ങളാണ് ഫഹദിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ജൂനിയർ എൻടിആറിന്‍റെ വാക്കുകളാണ്. കോവിഡ് സമയത്താണ് ഫഹദ് തന്‍റെയും കുടുംബത്തിന്‍റെയും ജീവിതത്തിലേക്ക് കടന്നുവന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിന്‍റെ പ്രമോഷൻ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജൂനിയർ എൻടിആർ.

കോവിഡ് കാലത്ത് നമ്മൾ എല്ലാം ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിരുന്നു. പലർക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. ആ ദുരന്തസമയത്താണ് ഒരു കഴിവുറ്റ വ്യക്തി ഞങ്ങളുടെ വീട്ടിലേക്ക് എത്തിയത്. മറ്റാരുമല്ല ഫഹദ് സാറാണ് അത്. ഞാൻ അദ്ദേഹത്തിന്‍റെ ബാംഗ്ലൂർ ഡേയ്സ് സിനിമ കണ്ടു. അതിനു ശേഷമാണ് ഫഹദ് സാറിന്‍റെ അഭിനയം കാണാൻ വേണ്ടി സിനിമ കണ്ടുതുടങ്ങുന്നത്. എനിക്ക് വളരെയധികം ഇഷ്ടമുള്ള വളരെ കുറച്ച് അഭിനേതാക്കളെയുള്ളൂ. ഫഹദ് സാറാണ് ആ ലിസ്റ്റിലുള്ള ആദ്യത്തെ വ്യക്തി. അദ്ദേഹത്തിനൊപ്പം സ്റ്റേജ് പങ്കുവയ്ക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്- ജൂനിയർ എൻടിആർ പറഞ്ഞു.

ഫഹദ് ഫാസിൽ തന്‍റെ പ്രചോദനമാണ് എന്നാണ് ജൂനിയർ എൻടിആർ പറയുന്നത്. നടൻ എന്ന നിലയിലും സഹോദരൻ എന്ന നിലയിലും ഞാൻ നോക്കി കാണുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ അടുത്ത് നിൽക്കാൻ സാധിക്കുന്നു എന്നതിൽ തന്നെ എനിക്ക് സന്തോഷമുണ്ട്. ഇന്ന് ഇന്ത്യയ്ക്ക് ഏറ്റവും അഭിമാനിക്കാവുന്ന നടന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് ഓർമയിൽ സൂക്ഷിക്കാവുന്ന ഒരു ചിത്രമായി ഇത് മാറട്ടെ. ചിത്രം വലിയ വിജയമാവട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു- നടൻ കൂട്ടിച്ചേർത്തു.