കരീന കപൂർ

 
Entertainment

മരതക മാലയിൽ ഖുറാനിലെ വരികൾ; കരീനയ്ക്ക് വക്കീൽ നോട്ടീസ്

ആഭരണത്തിൽ ആയത്തുൽ ഖുർസി ആലേഖനം ചെയ്തിരുന്നതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.

Entertainment Desk

ഖുറാൻ സൂക്തങ്ങൾ ആലേഖനം ചെയ്ത ആഭരണം ധരിച്ചുവെന്നാരോപിച്ച് നടി കരീന കപൂറിനെതിരേ നിയമനടപടി സ്വീകരിച്ച് കോൺഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ്. ആഭരണം ധരിച്ചു കൊണ്ടുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും കരീന മാപ്പ് പറയണമെന്നും വ്യക്തമാക്കിക്കൊണ്ടുള്ള വക്കീൽ നോട്ടീസ് ആണ് അയച്ചിരിക്കുന്നത്. ഡിസൈനർ പുനീത് ബലാന ഒരുക്കിയ കഫ്താനും തലപ്പാവും മരതക ലോക്കറ്റും അണിഞ്ഞു കൊണ്ടുള്ള ചിത്രമാണ് കരീന ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി പങ്കു വച്ചിരുന്നത്.

ഭോപ്പാൽ നവാബിന്‍റെ 200 വർഷം പഴക്കമുള്ള കൾഗിയും ഭോപ്പാൽ ബീഗത്തിന്‍റെ 30 കാരറ്റ് മരതക ലോക്കറ്റും അണിഞ്ഞ ചിത്രം വലിയ ചർച്ചകൾക്ക് ഇടയാക്കി. ആഭരണത്തിൽ ആയത്തുൽ ഖുർസി ആലേഖനം ചെയ്തിരുന്നതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ഭോപ്പാൽ രാജകുടുംബാംഗമായ സെയ്ഫ് അലിഖാൻ വഴിയാണ് കരീനയ്ക്ക് ഈ ആഭരണങ്ങൾ സ്വന്തമായത്.

ഇസ്ലാമിക പൈതൃകം പ്രകാരം മതവിശ്വാസത്തിന്‍റെ പ്രതീകമായാണ് ഈ ആഭരണം നിർമിച്ചത്. അത് ഫാഷനു വേണ്ടിയല്ലെന്നും വക്കീൽനോട്ടീസിൽ അബ്ബാസ് ഹാഫിസ് ആരോപിക്കുന്നു. ആഭരണം ധരിച്ച രീതിയും സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിച്ച രീതിയും മുസ്ലിം സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പെരുന്നാളിനാണ് ഇത്തരമൊരു ചിത്രം പങ്കു വച്ചതെങ്കിലും ഇതേ രീതിയിൽ പ്രതികരിക്കുമെന്നും അബ്ബാസ് പറയുന്നു.