ഡയറി വായിച്ച് അമ്മ പ്രണയം അറിഞ്ഞു, അതോടെ ഡയറി എഴുത്ത് നിന്നു: തുറന്നു പറഞ്ഞ് കീർത്തി സുരേഷ്
15 വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് കീർത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായത്. രണ്ട് മതസ്ഥരായിരുന്നതിനാൽ തുടക്കകാലത്ത് വലിയ എതിർപ്പാണ് തന്‍റെ വീട്ടിൽ നിന്നുമുണ്ടായിരുന്നത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കീർത്തി. തന്‍റെ ഡയറിയിലൂടെയാണ് പ്രണയത്തേക്കുറിച്ച് വീട്ടിൽ അറിയുന്നത്. അതിനു ശേഷം താൻ ഡയറി പോലും എഴുതിയിട്ടില്ല എന്ന് നടി പറയുന്നു. പുതിയ വെബ് സീരീസായ അക്കയുടെ പ്രമോഷന്‍റെ ഭാഗമായി കർളി ടേൽസിന് നൽകിയ അഭിമുഖത്തിലാണ് തന്‍റെ ജീവിതത്തിലെ അറിയാക്കഥകളെക്കുറിച്ച് നടി മനസു തുറന്നത്.
17ാം വയസിലാണ് കീർത്തി ആന്‍റണിയെ പരിചയപ്പെടുന്നത്. അന്ന് പ്ലസ് ടു കഴിഞ്ഞു നിൽക്കുകയായിരുന്നു കീർത്തി. വൈകാതെ ഇരുവരും പ്രണയത്തിലായി. കോളെജ് കാലത്ത് സ്ഥിരമായി ഡയറി എഴുതുന്ന ശീലം തനിക്കുണ്ടായിരുന്നെന്നും എന്നാൽ ഇതിലൂടെ ജീവിതത്തിലുണ്ടായ ആഘാതം ചെറുതല്ല എന്നുമാണ് കീർത്തി പറയുന്നത്. തന്‍റെ ഡയറി അമ്മ വായിച്ചതോടെയാണ് പ്രണയം വീട്ടിൽ അറിഞ്ഞത്.
ഞാൻ നിന്‍റെ അമ്മയാണ്, എനിക്ക് നിന്‍റെ ഡയറി വായിക്കാം എന്നതായിരുന്നു അമ്മയുടെ നിലപാട്. ഡയറി അമ്മയുടെ കൈയിൽ എത്തിയതോടെ ഡയറി എഴുത്തുന്നതു തന്നെ അവസാനിപ്പിച്ചു എന്നാണ് കീർത്തി പറയുന്നത്. ആ ഡയറി എവിടെപ്പോയി എന്ന ചോദ്യത്തിന് അമ്മ അത് കത്തിച്ചു കളഞ്ഞിട്ടുണ്ടാകും എന്നാണ് നടി പറഞ്ഞത്. 2024ലാണ് കീർത്തിയും ആന്‍റണിയും വിവാഹിതരായത്. തുടക്കത്തിൽ വലിയ പ്രശ്നങ്ങളുണ്ടായെങ്കിലും പിന്നീട് ഇരുകുടുംബത്തിന്‍റെയും സമ്മതത്തോടെയാണ് ഇവർ വിവാഹിതരായത്.