ഖുശ്ബു
നടിയും രാഷ്ട്രീയ നേതാവുമായി ഖുശ്ബുവിന്‍റെ ട്രാൻസ്ഫോർമേഷൻ ആരാധകരെ ഞെട്ടിച്ചിരുന്നു. 38 കിലോ ഭാരമാണ് താരം കുറച്ചത്. അണ്ണാത്തെ സിനിമയിൽ രജനീകാന്തിനൊപ്പം അഭിനയിച്ചപ്പോൾ തനിക്ക് സ്വയം തിരിച്ചറിയാനായില്ലെന്നും അങ്ങനെയാണ് ശരീരഭാരം കുറക്കാൻ തീരുമാനിച്ചത് എന്നുമാണ് ഖുശ്ബു പറയുന്നത്. ജീവിതത്തിൽ വരുത്തിയ ചില മാറ്റങ്ങളാണ് ഭാരം കുറയ്ക്കാൻ സഹായകമായതെന്നും ഖുശ്ബു പറയുന്നു.
ഭാരം 98 കിലോയിൽ എത്തിയപ്പോഴാണ് ഭാരം കുറയ്ക്കാൻ തീരുമാനിക്കുന്നത്. പടി കയറുമ്പോൾ മുട്ടുവേദ അനുഭവപ്പെടാൻ തോന്നിയിരുന്നു. അപ്പോഴേക്കും ഭർത്താവ് സുന്ദർ നടക്കാൻ പോവാനും യോഗ ചെയ്യാനും തുടങ്ങി. കൂടാതെ മക്കളും ശരീര ഭാരം കുറയ്ക്കാൻ തുടങ്ങി. അങ്ങനെയാണ് ശരീരഭാരം കുറയ്ക്കാൻ താനും തീരുമാനിച്ചത് എന്നാണ് ഖുശ്ബു പറയുന്നത്. നാല് വർഷം കൊണ്ടാണ് താൻ 38 കിലോ ഭാരം കുറച്ചത് എന്നാണ് നടിയുടെ പറഞ്ഞത്.
തനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒന്നും ഒഴിവാക്കാതെയാണ് ഖുശ്ബു ഡയറ്റ് എടുത്തത്. മട്ടൻ ബിരിയാണിയാണ് തനിക്ക് ഏറ്റവും ഇഷ്ടം. ഭക്ഷണം ഒഴിവാക്കുന്നതിനു കുറച്ചു ഭാഗം മാത്രം കഴിക്കാൻ തുടങ്ങി. ഒരു കഷ്ണം മട്ടൻ ഉൾപ്പെടുന്ന ഒരു ബൗൾ ബിരിയാണി കഴിക്കും. എല്ലാ വിഭവങ്ങളുടേയും ഭാരം നോക്കി കഴിക്കാൻ തനിക്ക് സാധിച്ചിരുന്നില്ലെന്നും എന്നാൽ തന്‍റെ ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം എത്രയെന്ന് മനസിലാക്കി അത് കഴിക്കുക എന്ന രീതിയാണ് താൻ പിന്തുടർന്നത് എന്നും ഖുശ്ബു പറയുന്നു. ഐസ്ക്രീമും മധുരപലഹാരങ്ങളും പോലും താൻ ഒഴിവാക്കിയില്ലെന്നും നടി വ്യക്തമാക്കി.
ജിമ്മിൽ പോകുന്നതിനു പകരം നടത്തം, യോഗ, മറ്റ് വ്യായാമങ്ങൾ ശീലമാക്കി. ഭർത്താവ് നേരത്തെ നടക്കാൻ പോയി തുടങ്ങിയതിനാലാണ് താനും നടക്കാൻ തുടങ്ങിയതെന്നും താരം കൂട്ടിച്ചേർത്തു. ഭക്ഷണവും വ്യായാമയും കൃത്യമായതോടെ തന്‍റെ ആരോഗ്യത്തിലും ചർമത്തിലും മുടിയിലുമെല്ലാം മാറ്റങ്ങൾ കണ്ടു തുടങ്ങി എന്നാണ് ഖുശ്ബു പറയുന്നത്.