കൃഷ്ണകുമാറും സിന്ധുവും

 
Entertainment

"സിന്ധുവിനോടൊപ്പമുള്ള യാത്ര അതിസുന്ദരമായിരുന്നു, ആനന്ദകരമായിരുന്നു": പിറന്നാൾ ആശംസകളുമായി കൃഷ്ണകുമാർ

സിന്ധുവിനൊപ്പമുള്ള പഴയ ചിത്രങ്ങൾക്കൊപ്പമായിരുന്നു പോസ്റ്റ്

Manju Soman

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഫാമിലിയാണ് നടൻ കൃഷ്ണകുമാറിന്‍റേത്. കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയ താരങ്ങളാണ്. കഴിഞ്ഞ ദിവസം സിന്ധു കൃഷ്ണകുമാറിന്‍റെ പിറന്നാളായിരുന്നു. സിന്ധുവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സിന്ധുവിനൊപ്പമുള്ള യാത്ര അതിസുന്ദരമായിരുന്നു എന്നാണ് കൃഷ്ണകുമാർ കുറിച്ചത്. സിന്ധുവിനൊപ്പമുള്ള പഴയ ചിത്രങ്ങൾക്കൊപ്പമായിരുന്നു പോസ്റ്റ്.

കൃഷ്ണകുമാറിന്‍റെ കുറിപ്പ് വായിക്കാം

ആദ്യ ഫോട്ടോ എടുക്കുമ്പോൾ സിന്ധുവിനു 22-23 പ്രായം കാണും. ഇന്ന് അതേ സിന്ധുവിനു 55 വയസ്. 32 വർഷങ്ങൾക്കു മുൻപ് സിന്ധുവിന്റെ ഭാരം പോലും 55 കിലോ ഇല്ലാ.. ഇന്ന് അങ്ങനെയല്ല. നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. വളർത്തി..പലതരത്തിലുള്ള പോറലുകൾ ഉണ്ട്. ചുളുക്കുകൾ സംഭവിച്ചു. കാലം എല്ലാം മാറ്റും.

അന്ന് ഞങ്ങളുടെ സ്വപ്‌നങ്ങൾ, ചിന്തകൾ, മുൻഗണനകൾ, ആഗ്രഹങ്ങൾ.. എല്ലാം മാറി. നമ്മളോടൊപ്പം ഉണ്ടായിരുന്ന ചിലർ, ചർമം, മുടിയുടെ നിറം എല്ലാം മാറി. സിന്ധു എന്ന വിളിമാറി..ചേച്ചി,അമ്മ, ആന്റി, അമ്മൂമ്മ, ഒപ്പം ഞാനും അപ്പൂപ്പനായി..

ആഗ്രഹിച്ചത് പലതും കിട്ടിയില്ല, എന്നാൽ കിട്ടിയതുചിലതു ആഗ്രഹിച്ചതിനേക്കാൾ മികച്ചതായിരുന്നു. നല്ലതും നല്ലതല്ലാത്തതുമായ പലതും ജീവിതത്തിൽ സംഭവിച്ചു. നന്മകൾ അളന്നു നോക്കിയപ്പോൾ വൻ നേട്ടം.. നല്ലതല്ലാത്തതു എന്നു കരുതിയ പലതും ജീവിതത്തിൽ മുന്നേറാൻ സഹായിച്ച ഇന്ധനമായിരുന്നു, ഊർജമായിരുന്നു..

സിന്ധുവിനോടൊപ്പമുള്ള യാത്ര അതിസുന്ദരമായിരുന്നു.. ആനന്ദകരമായിരുന്നു.. ഇന്നും പ്രകൃതി ഞങ്ങളെ അതീവ ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചു കൊണ്ടുപോകുന്നു.. യാത്രയിൽ കൂടെ കൂടി ഒരുപാട് ധന്യ നിമിഷങ്ങൾ സമ്മാനിച്ച നാല് മക്കൾക്കും, രണ്ടു മരുമക്കൾക്കും, ഓമിക്കും, ദൈവത്തിനും ഈ സുന്ദര നിമിഷത്തിൽ നന്ദി പറയുന്നു.. കൊച്ചിയിൽ നിൽക്കുന്ന സിന്ധുവിനു മുംബൈയിൽ നിൽക്കുന്ന കിച്ചുവിന്റെ പിറന്നാൾ ആശംസകൾ..