ഖുശ്ബു, ഉർവശി
തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിയാണ് ഉർവശി. ഇപ്പോഴും മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുകയാണ് താരം. ഇപ്പോൾ ശ്രദ്ധനേടുന്നത് ഉർവശിയെക്കുറിച്ച് നടി ഖുശ്ബു പറഞ്ഞ വാക്കുകളാണ്. ഉർവശിക്കൊപ്പം അഭിനയിക്കാൻ പേടിയാണ് എന്നാണ് ഖുശ്ബു പറഞ്ഞത്. പുതിയ ചിത്രം മൂക്കുത്തി അമ്മൻ 2ന്റെ പ്രീ റിലീസ് പരിപാടിക്കിടെയാണ് ഖുശ്ബുവിന്റെ പ്രതികരണം.
സിനിമ ജീവിതത്തിൽ താൻ പേടിച്ചിട്ടുണ്ടെങ്കിൽ അത് ഉർവശിക്ക് മുന്നിലാണ് എന്നാണ് ഖുശ്ബു പറയുന്നത്. ചിലർക്കൊപ്പം നമ്മൾ ഒരേ ഫ്രെയ്മിൽ അഭിനയിക്കുമ്പോൾ അവർ നമ്മെ കടിച്ചുതുപ്പിക്കളയും. എന്നാൽ ഉർവശി അങ്ങനെയല്ല. നമ്മളെ കണ്ടപാടെ വിഴുങ്ങിക്കളയും. പിന്നെ ആ ഫ്രെയ്മിൽ നമ്മൾ എവിടെയാണെന്ന് തെരയേണ്ടിവരും. അഭിനയിക്കാൻ ഉർവശി കൂടെയുണ്ടെങ്കിൽ അവരുടെ പ്രെസൻസ് മാത്രമേ സ്ക്രീനിൽ കാണാൻ സാധിക്കൂ. പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും അവരിലേക്ക് പോകും. അങ്ങനെയുള്ള അത്ഭുതമായി അഭിനയിക്കുന്ന നടിയാണ് അവർ. അസാധ്യ നടിയാണ്.- ഖുശ്ബു പറഞ്ഞു.
ഉർവശി എൻസൈക്ലോപീഡിയ ആണെന്നാണ് ഖുശ്ബു പറയുന്നത്. സിനിമ ആയാലും രാഷ്ട്രീയം ആയാലും അഭിനയം ആയാലും എല്ലാത്തിനെക്കുറിച്ചും ഉർവശിക്ക് നല്ല ധാരണയുണ്ട് എന്നാണ് നടി വ്യക്തമാക്കുന്നത്. ഉർവശിയുമായുള്ള വർഷങ്ങളായുള്ള സൗഹൃദത്തേക്കുറിച്ചും ഖുശ്ബു വാചാലയായി. അവൾ എന്നെ കുബു സ്വാമി എന്ന് വിളിക്കും. ഞാൻ അവളെ പൊടി എന്നാണ് വിളിക്കുക. അതാണ് അവളുടെ ചെല്ലപ്പേര്. എത്ര വർഷമായുള്ള സൗഹൃദമാണ്. പൊടി അന്ന് എങ്ങനെയായിരുന്നോ ഇപ്പോഴും അതുപോലെ തന്നെയാണ് ഒരു മാറ്റവുമില്ല.- ഖുശ്ബു കൂട്ടിച്ചേർത്തു.