ലോ ആൻഡ് ഓർഡർ
സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻഡ് ഓർഡർ (Law & order) എന്ന ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി., മഹാ സുബൈർ എന്നിവരാണ് നിർമിക്കുന്നത്.
പ്രകാശ് വർമയ്ക്കും അഭിരാമിക്കും ഒപ്പം പുതുമുഖങ്ങളും അണി നിരക്കുന്ന ഈ ചിത്രം ബൃഹത്തായ ക്യാൻവാസിൽ വലിയ മുതൽ മുടക്കിലാണ് അവതരിപ്പിക്കുന്നത്. നീതിനിർവഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ച് ചെറുപ്പക്കാരും അവരുടെ മാർഗദർശിയായ പൊലീസ് ഉദ്യോഗസ്ഥനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.
രഞ്ജിത്തിന്‍റെ തന്നെ ബ്ലാക്ക് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രവുമായി മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്നു എന്നും അഭ്യൂഹമുണ്ട്.
പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ കഥാഗതിയിൽ മറ്റുചില സ്ഥലങ്ങൾക്കും നിർണായകമായ പങ്കുണ്ട്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി 90 ദിവസമാണ് ചിത്രീകരണം നീണ്ടത്.
ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്‍റെ അണിയറയിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരുണ്ട്. ആക്ഷനോടൊപ്പം ഇമോഷണൽ ഡ്രാമയുടെ സ്വാധീനം ഈ ചിത്രത്തെ കുടുംബ സദസിനും പ്രിയപ്പെട്ടതാക്കുമെന്നാണ് പ്രതീക്ഷ.
ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിപാൽ. ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ. എഡിറ്റിംഗ് - മനോജ് കണ്ണോത്ത്.