രൗദ്രത - സ്റ്റീഫൻ ദേവസിയുടെ സംസ്കൃത സംഗീത ആൽബം.
സ്റ്റീഫൻ ദേവസിയുടെ ഡ്രീം പ്രോജക്റ്റായ ‘ഏകത’യിലെ മൂന്നാം ഗാനമായ ‘രൗദ്രത’ മാത്തൂർ ഗ്രാമത്തിന്റെ സംസ്കൃത പാരമ്പര്യത്തെയും ആധുനിക സംഗീതത്തിന്റെ ആവേശത്തെയും കൂട്ടിച്ചേർക്കുന്ന വിസ്മയാനുഭവമാണ്. വേദമന്ത്രങ്ങളുടെ താളം, സിന്തസൈസർ, വയലിൻ, ഗിറ്റാർ എന്നിവയുടെ സംയോജനത്തോടെ സംസ്‌കൃതത്തെ ജീവസുറ്റ ഊർജമായി അവതരിപ്പിക്കുന്ന സിനിമാറ്റിക് സംഗീതയാത്ര.
ഇന്ത്യയിൽ സംസ്‌കൃതം സംസാരഭാഷയായി തുടരുന്ന അപൂർവം സ്ഥലങ്ങളിലൊന്നാണ് മാത്തൂർ. കർണാകയിലെ ഷിമോഗ ജില്ലയിൽ, അയ്യായിരത്തോളം പേർ താമസിക്കുന്ന സാമാന്യം വലിയൊരു ഗ്രാമം. പതിനാറാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യം സങ്കേതി ബ്രാഹ്മണർക്കു സമ്മാനിച്ചതെന്നു കരുതപ്പെടുന്ന ഈ ഗ്രാമത്തിന്‍റെ തനിമയും സംസ്കൃതത്തിന്‍റെ നൈരന്തര്യവും പശ്ചാത്തലമാക്കിയാണ് 'രൗദ്രത' എന്ന സംഗീതാനുഭവം സ്റ്റീഫൻ ദേവസി അണിയിച്ചൊരുക്കിയിട്ടുള്ളത്.
പ്രശസ്ത സംഗീതജ്ഞനും പിയാനിസ്റ്റുമായ സ്റ്റീഫൻ ദേവസി തന്‍റെ ഡ്രീം പ്രൊക്റ്റായ ഏകത (Ekta) എന്ന ആൽബത്തിലൂടെ അവതരിപ്പിക്കുന്ന മൂന്നാമത്തെ ഗാനമാണ് 'രൗദ്രത'. സംസ്‌കൃതത്തിന്‍റെ തീക്ഷ്ണതയെ ആധുനിക സംഗീതത്തിന്‍റെ ആവേശവുമായി കോർത്തിണക്കുന്ന ഗാനം ഇന്ത്യൻ സംഗീതലോകത്ത് തരംഗമായി മാറുകയാണ്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഒരു ഭാഷയെ ആധുനിക സംഗീതത്തിന്‍റെ കുപ്പായമണിയിക്കുമ്പോൾ അത് കേവലമൊരു പാട്ടല്ല, അനുഭവമായി മാറുന്നു.
അൾഗോരിതങ്ങൾക്ക് അനുസരിച്ചുള്ള ചെറിയ പാട്ടുകൾ മാത്രം വൈറലാകുന്ന ജെൻ സീ കാലത്ത്, സ്റ്റീഫൻ ദേവസിയുടെ 'ഏകത' വ്യത്യസ്തമാണ്. കലയെ മ്യൂസിയത്തിൽ സൂക്ഷിക്കുന്നതിനെക്കാൾ അതിനെ സ്റ്റേഡിയങ്ങളിൽ മുഴങ്ങുന്ന സംഗീതമാക്കി മാറ്റുന്ന സമീപനമാണ് ഈ പ്രോജക്റ്റ് സ്വീകരിച്ചിരിക്കുന്നത്. പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയിലൊരു പാലം പോലെ 'രൗദ്രത' ഇക്കൂട്ടത്തിൽ തലയുയർത്തി നിൽക്കുന്നു; സംഗീതത്തിനപ്പുറം സംസ്‌കൃതിയുടെ ഉദ്ഘോഷണമായി അതു മാറുന്നു.
'രൗദ്രത' എന്ന വാക്ക് തന്നെ തീവ്രമായ ഊർജത്തെയും കോസ്മിക് ശക്തിയെയും സൂചിപ്പിക്കുന്നു. വേദമന്ത്രങ്ങളുടെ താളാത്മകമായ ഉച്ചാരണവും, ആധുനിക സിന്തസൈസർ നാദങ്ങളും, വയലിന്‍റെ മാസ്മരികതയും ഗിറ്റാറിന്‍റെയും കരുത്തും ഒത്തുചേരുന്ന 'രൗദ്രത' ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് നൽകുന്നത്. സംസ്‌കൃതത്തെ ചരിത്രത്തിന്‍റെ ഏടുകളിൽ ഒതുങ്ങിക്കൂടുന്ന ഒരു ഭാഷയായോ, അപ്രാപ്യമായൊരു വിശുദ്ധ സാന്നിധ്യമായോ മാത്രം കാണാതെ, ജീവസുറ്റ ഊർജമായി സ്റ്റീഫൻ ദേവസി അവതരിപ്പിക്കുന്നു.
സംസ്കൃത ശ്ലോകങ്ങളുടെ ഗാംഭീര്യം തന്നെയാണ് ഗാനത്തിന് അടിത്തറയൊരുക്കുന്നത്. ധനേഷ് നമ്പൂതിരിയാണ് വരികൾ എഴുതിയിരിക്കുന്നത്. സ്റ്റീഫൻ ദേവസിയുടെ കീബോർഡ് വിസ്മയങ്ങളും, ദർവിൻ ഡിസൂസയുടെ ലീഡ് ഗിറ്റാറും, ജോസി ജോണിന്‍റെ ബേസ് ഗിറ്റാറും ചേർന്ന് സംഗീതത്തിന്‍റെ കൊടുങ്കാറ്റ് തന്നെ സൃഷ്ടിക്കുന്നു.
സ്റ്റീഫൻ ദേവസി തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ടി.കെ. രാജീവ് കുമാറാണ്. നാടകീയമായ ലൈറ്റിങ്ങും ഡോൺ മാക്സിന്‍റെ സിനിമാറ്റിക് എഡിറ്റിങ്ങും ജെബിൻ ജേക്കബിന്‍റെ ക്ലാസ് ക്യാമറ വർക്കും കൂടിയാകുമ്പോൾ ആൽബം ആഗോള നിലവാരത്തിലേക്ക് ഉയരുന്നു. വിനയ കാർത്തിക് രാജൻ, സൈന്ധവി, സവിത സായ് ശ്രവണം, സിന്ദൂരി വിശാൽ, നിരഞ്ജന രമണൻ, രവി ജി, ഭരത് സുന്ദർ, ഗൗതം ഭരദ്വാജ്, സായ് വിഘ്നേഷ്, ആർ.പി. ശ്രാവൺ തുടങ്ങിയവർ അണിനിരക്കുന്ന വോക്കൽസ് ഈ ഗാനത്തിന്‍റെ ആത്മാവിനെ തൊടുന്നു.