ടോക്സിക്കിന് അര സ്റ്റാർ നൽകി മഹേഷ് ബാബുവിന്‍റെ മകൻ, ചർച്ചയാക്കി സോഷ്യൽ മീഡിയ
ഏറെ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ ചിത്രമാണ് ഗീതു മോഹൻദാസും യാഷും ഒന്നിച്ച ടോക്സിക്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഒരു കൂട്ടർ ചിത്രം മാസ്റ്റർ പീസ് എന്ന് പ്രശംസിക്കുമ്പോൾ മറ്റൊരു കൂട്ടർ പറയുന്നത് ഏറ്റവും മോശം ചിത്രം എന്നാണ്. ഇപ്പോൾ തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്‍റെ മകൻ ഗൗതം ഘട്ടമനേനി ടോക്സിക്കിന് നൽകിയ റേറ്റിങ്ങാണ് ചർച്ചയാവുന്നത്. 0.5 റേറ്റിങ്ങാണ് ടോക്സിക്കിന് ഗൗതം നൽകിയത്.
സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധേയമായ ലെറ്റർ ബോക്സിലൂടെയായിരുന്നു താരപുത്രൻ ടോക്സിക്കിനെ റിവ്യൂ ചെയ്തത്. അച്ഛൻ മഹേഷ് ബാബു അഭിനയിച്ച ചിത്രങ്ങൾ ഉൾപ്പടെ നിരവധി സിനിമകൾക്കാണ് ഗൗതം ലെറ്റർ ബോക്സിലൂടെ റേറ്റിങ് നൽകിയിരിക്കുന്നത്. ഇരുപതുകാരനായ ഗൗതം സിനിമപ്രേമി എന്നാണ് ലെറ്റർ ബോക്സ് അക്കൗണ്ടിലെ പ്രൊഫൈലിൽ ചേർത്തിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള 400ൽ അധികം സിനിമകൾക്ക് ഗൗതം റേറ്റിങ് നൽകിയിട്ടുണ്ട്.
അച്ഛന്‍റെ എല്ലാ സിനിമകൾക്കും മികച്ച റിവ്യൂ അല്ല ഗൗതം നൽകിയിരിക്കുന്നത്. പോക്കിരി, നെനൊക്കാദീൻ എന്നീ സിനിമകൾക്ക് അഞ്ച് റേറ്റിങ് കൊടുത്തപ്പോൾ നിജം, വംശം എന്നീ ചിത്രങ്ങൾക്ക് രണ്ട് സ്റ്റാറാണ് കൊടുത്തിരിക്കുന്നത്. ലോകേഷ് കനകരാജ് നായകനായി എത്തിയ ഡിസിയ്ക്ക് അഞ്ച് സ്റ്റാറും നൽകിയിട്ടുണ്ട്. എന്തായാലും ഗൗതം ടോക്സിക്കിന് നൽകിയ റേറ്റിങ് വലിയ ചർച്ചയാവുകയാണ്.