മേജർ രവി, നെടുമ്പാശേരി അപകടത്തിൽ പ്രതിയായ സുഹൈൽ സജീവ്
നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകനും നടനുമായ മേജർ രവി. മദ്യപിച്ച് അമിതവേഗതയിൽ വണ്ടിയോടിച്ച് അപകടമുണ്ടാക്കിയിട്ട് യാതൊരു കുറ്റബോധവുമില്ലാതെ എന്റെ വാപ്പ നോക്കികൊള്ളുമെന്ന് അഹങ്കാരം പറയുന്നത് സഹിക്കാനാവില്ല എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ മേജർ രവി പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ കുറ്റം ചെയ്തവരെ പ്രായപൂർത്തിയായ കുറ്റവാളികളായി കണ്ട് അർഹിക്കുന്ന ശിക്ഷ കൊടുക്കണമെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.
"മക്കൾ ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുത്തില്ലെങ്കിൽ അവർ ആത്മഹത്യ ചെയ്യും എന്ന് ഭയന്ന് അച്ചടക്കമില്ലാതെ വളർത്തിയാൽ ഒടുവിൽ ബലിയാടാകുന്നത് സമൂഹത്തിലെ നിരപരാധികളാണ്. 22 വയസുള്ള രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് അവിടെ മരിച്ചുവീണത്. അതും നിങ്ങളുടെ മക്കളുടെ അഹങ്കാരം കാരണം. ആ കുട്ടികളുടെ മാതാപിതാക്കളുടെ അവസ്ഥ ആലോചിച്ച് നോക്കിയിട്ടുണ്ടോ? നമ്മളൊക്കെ വണ്ടി ഓടിക്കുമ്പോൾ അബദ്ധത്തിൽ ആരുടെയെങ്കിലും ശരീരത്തിൽ ഒന്ന് തട്ടിയാൽ പോലും അന്ന് രാത്രി ഉറങ്ങാൻ സാധിക്കാത്ത മനുഷ്യരാണ്. അങ്ങനെയുള്ള നാട്ടിലാണ് അവൻ യാതൊരു കുറ്റബോധവുമില്ലാതെ ‘എന്റെ വാപ്പ നോക്കിക്കൊള്ളും’ എന്ന് അഹങ്കാരം പറയുന്നത്. എന്താണ് നമ്മുടെ നിയമം? ഇത്തരം സന്ദർഭങ്ങളിൽ കുറ്റം ചെയ്തവരെ പ്രായപൂർത്തിയായ കുറ്റവാളിയായിത്തന്നെ കണ്ട് അർഹിക്കുന്ന ശിക്ഷ കൊടുക്കുകയാണ് വേണ്ടത്."- മേജർ രവി പറഞ്ഞു.
മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റാതെ നല്ല മനുഷ്യരായി വളർത്താൻ പഠിക്കൂ എന്നാണ് മാതാപിതാക്കളോട് മേജർ രവി പറയുന്നത്. "നിങ്ങൾ മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്! ഇന്ന് എത്ര പേരാണ് ആ അച്ഛനമ്മമാരെ ശപിക്കുന്നത് എന്ന് ഓർക്കണം. പണത്തിന്റെ അഹങ്കാരം കാണിച്ച് തുണിയോ മറ്റോ വിറ്റ് ഉണ്ടാക്കിയ കാശ്, റോഡിലിറങ്ങി പാവപ്പെട്ട മനുഷ്യരെ കൊല്ലാനുള്ള ലൈസൻസ് ആക്കി മക്കൾക്ക് കൊടുക്കരുത്! പണമുണ്ടെങ്കിൽ മക്കളെ സമൂഹത്തിന് ഉപകാരമുള്ളവരായി, നല്ല മനുഷ്യരായി വളർത്താൻ പഠിപ്പിക്കൂ. അല്ലാതെ 18- 19 വയസിൽ മദ്യപിച്ച് ഷാപ്പുകൾ തോറും കയറിയിറങ്ങുന്ന മക്കളെ നമ്മുടെ സമൂഹം ഒരു കാലത്തും അംഗീകരിക്കില്ല."- മേജർ രവി കൂട്ടിച്ചേർത്തു.