മഞ്ജു വാര്യർ | മല്ലിക സുകുമാരൻ

 
Entertainment

"അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞു, മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം കൊണ്ട്"; മഞ്ജു വാര്യരെ കുറിച്ച് മല്ലിക സുകുമാരൻ

"മഞ്ജുവിന്‍റെ രീതികൾ നല്ലതാണെന്നാണ് എന്‍റെ അഭിപ്രായം. എനിക്ക് ആ കുട്ടിയോട് വലിയ ബഹുമാനമാണ്"

Namitha Mohanan

മഞ്ജു ഒരു ജീവിതത്തില്‍ അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞുവെന്ന് മല്ലിക സുകുമാരന്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു വാര്യരെ കുറിച്ച് മല്ലികയുടെ പ്രതികരണം.

മഞ്ജുവിനോട് തനിക്ക് വലിയ ബഹുമാനമാണെന്നും ഒരു ജന്മത്തിൽ അനുഭവിക്കാനുള്ളതെല്ലാം അവർ അനുഭവിച്ച് കഴിഞ്ഞെന്നും മല്ലിക പറയുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ സനൽകുമാർ ശശിധരകൻ നടത്തുന്ന സമരത്തെയും മല്ലിക രൂക്ഷഭാഷയിൽ വിമർശിച്ചു.

മല്ലികയുടെ വാക്കുകൾ ഇങ്ങനെ...

മഞ്ജുവിന്‍റെ രീതികൾ നല്ലതാണെന്നാണ് എന്‍റെ അഭിപ്രായം. എനിക്ക് ആ കുട്ടിയോട് വലിയ ബഹുമാനമാണ്. എന്തിനാണ് ആവശ്യമില്ലാതെ സംസാരിക്കുന്നത്. അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരുടേയും മനസില്‍ അത് തോന്നും. ഞാനൊരു അമ്മയുടെ സ്ഥാനത്തു നിന്ന് പറയുന്നതാണ്.

ആ സെക്രട്ടറിയേറ്റിന് മുമ്പില്‍ എന്താണ് നടക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഒരു അപേക്ഷയാണ്. കേരളത്തിലെ പെണ്ണുങ്ങള്‍ നിങ്ങളുടെ കാല് തൊട്ട് നമസ്‌കരിക്കും. ആ കസേരയോടെ അങ്ങേരെ അവിടുന്ന് എടുത്ത് മാറ്റാന്‍ പറ്റുമോ ആര്‍ക്കെങ്കിലും? എവിടെയായിരുന്നു ഇത്രയും കാലം ഇങ്ങേര്?

പ്രേമിച്ച കാലം തൊട്ടുള്ള കഥകളൊന്നും ഞങ്ങളാരും കേട്ടിട്ടില്ലല്ലോ. ആ കൊച്ച് ഒന്ന് മനസമാധാനത്തോടെ രണ്ടാമത് ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇങ്ങേര്‍ക്കിത് പറയാന്‍ തോന്നിയത്? അപ്പോഴെ അറിഞ്ഞൂടെ കള്ളനാണെന്ന്. അയാളെ എനിക്ക് അറിയില്ല. അയാളപ്പെറ്റി പറയാനും ഉദ്ദേശിക്കുന്നില്ല. പക്ഷെ ഈ കാണിക്കുന്ന പ്രവര്‍ത്തിയൊന്നും ശരിയല്ല''

അഞ്ചാറ് പെണ്ണുങ്ങള്‍ കുത്തിയിരുന്ന് ഇവനെ പറ്റി ഇങ്ങനെ ഓരോ കഥയങ്ങ് പറഞ്ഞാലോ? പിന്നെ തെളിയിക്കാന്‍ പോണ്ടേ? അങ്ങനെ തെളിയിക്കാന്‍ പോകാത്തവരെല്ലാം മണ്ടന്മാരാണെന്ന് വിചാരിക്കരുത്. സെല്‍ഫ് റെസ്‌പെക്റ്റ് ഉള്ളതുകൊണ്ട് എന്തിനാണ് ഇവനൊക്കെ മറുപടി കൊടുക്കാന്‍ പോകുന്നതെന്ന് ചിന്തിക്കുന്നതാണ്.