ആശാ ശരത്ത് കൾച്ചറൽ സെന്റർ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: നടിയും നർത്തകിയുമായ ആശ ശരത്ത് ആരംഭിച്ച ആശാ ശരത് കൾച്ചറൽ സെന്റർ ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി. നൃത്തം സംഗീതം ഉൾപ്പടെയുള്ള വിവിധ കലകൾ അഭ്യസിക്കാനുള്ള കേന്ദ്രമായി എറണാകുളത്താണ് സ്ഥാപനം ആരംഭിച്ചത്. ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്. നിലവിളക്ക് തെളിയിച്ചാണ് മമ്മൂട്ടി ഉദ്ഘാടനം നിർവഹിച്ചത്.
നൃത്തവിദ്യാലയം ഉദ്ഘാടനം തന്നെ ക്ഷണിച്ചതിനെക്കുറിച്ച് വളരെ രസകരമായാണ് മമ്മൂട്ടി സംസാരിച്ചത്. ‘ഉദ്ഘാടനത്തിന് വിളക്ക് കത്തിക്കാൻ എന്നേക്കാൾ വലിയ പുള്ളി ഇല്ലെന്നാണ് ഇവിടെ പറഞ്ഞത്. അതിനർഥം ഞാൻ വലിയൊരു നർത്തകൻ ആണെന്നാണല്ലോ. എനിക്കതിൽ വിരോധമില്ല. സന്തോഷമേയുള്ളൂ. ആ അഭിപ്രായം ഞാൻ സ്വീകരിക്കുന്നു. എനിക്ക് ഡാൻസ് പഠിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ, അതു ശരിയായില്ല. എന്തായാലും ഞാൻ ഇവിടെ പഠിപ്പിക്കാൻ വരാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ വന്നാൽ ചിലപ്പോൾ ഇവിടത്തെ കുട്ടികൾ വഴിതെറ്റി പോകും’ –മമ്മൂട്ടി പറഞ്ഞു.
നൃത്തം, സംഗീതം, വാദ്യം, ചിത്രകല തുടങ്ങിയ വിവിധ കലകൾ അഭ്യസിക്കാനുള്ള കേന്ദ്രമായിട്ടാണ് ആശാ ശരത്ത് തന്റെ സ്ഥാപനം ആരംഭിച്ചത്. കുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓഡിറ്റോറിയം, ലൈബ്രറി, ഗവേഷണത്തിനുള്ള സൗകര്യങ്ങൾ എന്നിവയും ആശാ ശരത് കൾച്ചറൽ സെന്ററിലുണ്ട്.