മഞ്ജു പിള്ളയും മകളും
നെടുമ്പാശേരി അപകടവുമായി ബന്ധപ്പെട്ട് നടി മഞ്ജു പിള്ള നടത്തിയ പ്രതികരണം വലിയ ചർച്ചയായിരുന്നു. അന്യമതസ്ഥന്‍റെ കൂടെ രണ്ട് പെൺകുട്ടികൾ അസമയത്ത് എന്തിനാണ് പോയത് എന്നല്ല ചോദിക്കേണ്ടതെന്നും ഹെൽമറ്റില്ലാതെ ഒരു വണ്ടിയിൽ മൂന്നു പേരും കൂടി എന്തിനാണ് പോയത് എന്നാണ് ചോദിക്കേണ്ടത് എന്നുമാണ് മഞ്ജു പിള്ള പറഞ്ഞത്. എന്നാൽ മഞ്ജുവിന്‍റെ വാക്കുകൾ വളച്ചൊടിച്ച് മറ്റൊരു തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു പിള്ളയും മകൾ ദയ സുജിത്തും.
ദയയുടെ വ്ലോഗിന് ഇടയിലാണ് നെടുമ്പാശേരി അപകടത്തേക്കുറിച്ച് മഞ്ജു പിള്ള സംസാരിച്ചത്. അപകടത്തിൽ മരിച്ച പെൺകുട്ടികൾക്കെതിരേ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ രൂക്ഷമായ ഭാഷയിലാണ് ഇരുവരും വിമർശിച്ചത്. മൂന്ന് പിള്ളേര് അസമയത്ത് എന്തിനാണ് പുറത്തിറങ്ങിയത് എന്നാണ് പലരും ചോദിച്ചത്. ഇങ്ങനെ ചോദിക്കുന്നതിനെ വിവരമില്ലായ്മ എന്ന് പറയും. പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളാണ്. രാത്രിയിൽ പ്രശ്നമുണ്ടാകില്ല എന്ന് കരുതിയാവും അവർ പോയത്. എന്നാണ് മഞ്ജു പിള്ള പറയുന്നത്.
ഇതിനൊപ്പം സ്കൂട്ടറിൽ മൂന്ന് കുട്ടികൾ ഒരുമിച്ച് പോയതിനേയും ഹെൽമറ്റ് ധരിക്കാത്തതിനേയും മഞ്ജു പിള്ള ചോദ്യം ചെയ്യുന്നുണ്ട്. രണ്ട് ഹിന്ദു കുട്ടികൾ എന്തിന് അന്യമതസ്ഥനായ ഒരു പയ്യന്‍റെ കൂടെ ട്രാവൽ ചെയ്തു എന്നല്ല ചോദിക്കേണ്ടത്. അവിടെ ചോദിക്കേണ്ടത്. അവർ മൂന്നു പേരും കൂടി എന്തിന് ഒരുമിച്ച് ട്രാവൽ ചെയ്തു? രാത്രി എന്തിനാണ് ട്രാവൽ ചെയ്തത് എന്നല്ല ചോദിക്കേണ്ടത്, അവർ മൂന്നു പേരും ഒരുമിച്ച് ഹെൽമറ്റില്ലാതെ എന്തിന് ഹൈവേയിൽ യാത്ര ചെയ്തു എന്നാണ് ചോദിക്കേണ്ടത്. - മഞ്ജുപിള്ള വിഡിയോയിൽ പറയുന്നു.
ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ എന്ന അടിക്കുറിപ്പോടെ വ്ലോഗിന്‍റെ ഭാഗം മഞ്ജു പിള്ള സ്റ്റോറിയായി പങ്കുവച്ചു. മകൾ ദയയും രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. അമ്മ പറഞ്ഞതിന് നേരെ വിപരീതമാണ് പ്രചരിപ്പിക്കുന്നത് എന്നാണ് ദയ കുറിച്ചത്.