ചിന്മയി ശ്രീപദ, കൗശികി ചക്രവർത്തി
ചെന്നൈ: വാന്മതി എന്ന തമിഴ് ഗാനത്തിനു വേണ്ടി ഉപയോഗിച്ചത് താൻ ചിട്ടപ്പെടുത്തിയ സംഗീതഭാഗമാണെന്ന് ആരോപിച്ച് ഗായിക കൗശികി ചക്രവർത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഗീത സംവിധായകൻ ഷബീൽ സുർത്താൻ, ഗായിക ചിന്മയി ശ്രീപദ എന്നിവർക്കെതിരേ കൗശികി നിയമനടപടികൾ സ്വീകരിച്ചു. 2015ൽ ദർബാർ ഫെസ്റ്റിവലിൽ താൻ പാടിയ സംഗീത ഭാഗങ്ങളാണ് തന്‍റെ അനുമതിയില്ലാതെ വാന്മതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് കൗശികി ആരോപിക്കുന്നത്.
വിഷയത്തിൽ ചിന്മയ ഉൾപ്പെടെ ഉള്ളവരുമായി സംസാരിച്ചുവെങ്കിലും പരിഹാരം കാണാൻ സാധിക്കാതെ വന്നതോടെയാണ് നിയമപരമായി നീങ്ങിയതെന്നും കൗശികി പറയുന്നു. തനിക്ക് വക്കീൽ നോട്ടീസ് കിട്ടിയതായി ചിന്മയിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അനുമതിയില്ലാതെ പകർത്തിയ ഈണം ആയിരുന്നു അതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് ചിന്മയി പറയുന്നത്.
ഒരു ഗായിക എന്ന നിലയിൽ തനിക്ക് നൽകിയ പാട്ട് പാടുക മാത്രമാണ് ചെയ്തതെന്നും കൗശികി പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നുമാണ് ചിന്മയിയുടെ വാദം. അതേ സമയം സംഗീത സംവിധായകൻ ഷബീർ തന്‍റെ പേജിൽ നിന്ന് ഗാനം നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ വിഷയത്തില് പ്രതികരിക്കാൻ തയാറായിട്ടില്ല.