മോഹൻലാലും അനൂപ് സത്യനും ഒന്നിക്കുന്ന ചിത്രം, L368 ന് തുടക്കം

 
Entertainment

മോഹൻലാലും അനൂപ് സത്യനും ഒന്നിക്കുന്ന ചിത്രം, 'L 368' ന് തുടക്കം

മോഹൻലാലിന്‍റെ 368ാം സിനിമയാണ്

Manju Soman

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമിട്ടു. മോഹൻലാലിന്‍റെ 368ാം സിനിമയാണ്. ആശിർവാദ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ഈ ചിത്രം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബിനു ജോർജ് അലക്‌സാണ്ടർ നിർമിക്കുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. രണ്ട് കുട്ടികൾക്കൊപ്പം ഇരിക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്.

ഒക്ടോബർ മുപ്പത് വെള്ളിയാഴ്ച്ച കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്ന് ഭദ്രദീപം തെളിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് പി.ജി. ജോർജും കുഞ്ഞൂഞ്ഞമ്മ ജോർജും ചേർന്ന് സ്വിച്ചോൺ കർമവും മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നൽകി.

വരനെ ആവശ്യമുണ്ട് എന്ന ആദ്യ ചിത്രത്തിനു ശേഷം ആറു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തന്‍റെയൊരു ചിത്രം ആരംഭിക്കുന്നതെന്ന് അനൂപ് സത്യൻ പറഞ്ഞു. അത് താൻ ഏറ്റവും അധികം ആരാധിക്കുന്ന നടൻ മോഹൻലാലിനെ നായകനാക്കി ചെയ്യാൻ അവസരമുണ്ടായതിൽ ഏറെ സന്തോഷമുണ്ടന്നും അനൂപ്. ചിത്രത്തെക്കുറിച്ച് ഒന്നും തത്കാലം പുറത്തുവിടുന്നില്ലെന്നാണ് സംവിധായകൻ പറഞ്ഞത്. എല്ലാ ഴോണറുകളിലുടെയും സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കുമെന്ന് അനൂപ് സത്യൻ സൂചിപ്പിച്ചു.

മോഹൻലാലിന്‍റെ ആരാധകനായിരുന്ന അനൂപിന്‍റെ പഴയ കാര്യങ്ങൾ അനുസ്മരിച്ചു കൊണ്ടാണ് സത്യൻ അന്തിക്കാട് ആശംസ നേർന്നത്. മോഹൻലാൽ അഭിനയിച്ച 368 സിനിമകളിൽ ഇരുപതു ചിത്രങ്ങൾ തന്‍റേതാണന്നും സത്യൻ അന്തിക്കാട് ഓർമിപ്പിച്ചു.

ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിന് L368 എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.

ഒരു ഫിലിം മേക്കറെ സംബന്ധിച്ചടത്തോളം ആറു വർഷത്തെ ഇട വേള വല്ലാത്ത പെയിൻ ഫുൾ തന്നെയാണ്. അതു കവർ ചെയ്ത് മോഹൻലാലിനോടൊപ്പം സിനിമയുമായി അനൂപിനു കടന്നു വരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടന്ന് ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. സത്യൻ അന്തിക്കാടിനോടും മക്കളായ അഖിൽ സത്യൻ, അനൂപ് സത്യൻ എന്നിവർക്കൊപ്പവും അഭിനയിക്കാനും സന്തോഷം പങ്കിടുവാനും കഴിഞ്ഞതിന്‍റെ സന്തോഷം മുകേഷും പങ്കുവെച്ചു. ചിത്രത്തിന്‍റെ ഭാഗമല്ലായെങ്കിലും, തനിക്കു പ്രിയപ്പെട്ട നിരവധിപ്പേരുടെ ഈ സംരംഭത്തിൽ തന്‍റെ സന്തോഷം പങ്കിടുന്നതായി ടൊവിനോ തോമസ് പറഞ്ഞു.

ആശിഷ് ജൊ ആന്‍റണി, സംഗീത് പ്രതാപ്, ജെയ്ക്ക് ബിജോയ്‌സ്, ആന്‍റണി പെരുമ്പാവൂർ, ബിനു ജോർജ് അലക്‌സാണ്ടർഎന്നിവരും വേദി പങ്കിട്ടു സംസാരിച്ചു. മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നും കണ്ടെടുത്ത മൂന്ന് തീയേറ്റർ ആർട്ടിസ്റ്റുകൾ ഊ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഇവ തെന്നൽ , മുകേഷ് ,അജു വർഗീസ്, സംഗീത് പ്രതാപ് , രാജേഷ് മാധവൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായുണ്ട്. കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രത്തിന്‍റെ ചിത്രീകരണം ഇടുക്കി, മംഗലാപുരം ഉൾപ്പടെ കർണ്ണാടകയിലെ നിരവധി ലൊക്കേഷനുകളിലുമായിട്ടാണ് പൂർത്തിയാകുന്നത്.

ഗാനങ്ങൾ - കൈതപ്രം. സംഗീതം - ജെയ്ക്ക്ബിജോയ്‌സ്, ഛായാഗ്രഹണം- ഷഹ്‌നാസ് ജലാൽ. കലാസംവിധാനം- പ്രശാന്ത് മാധവൻ. കോസ്റ്റ്യം ഡിസൈൻ- സുജിത് സുധാകർ. മേക്കപ്പ് -സജീവ് സജി, സിങ്ക് സൗണ്ട്- അനിൽ രാധാകൃഷ്ണൻ, വിഎഫ്എക്സ്- വിഷ്‌ണു പിഷാരടി. ആക്ഷൻ- സ്റ്റണ്ട് സെൽവ . ഡിസൈൻ- എസ്തറ്റിക്ക് കുഞമ്മ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- അതുല്യ മധു. പ്രൊഡക് ഷൻ മാനേജർ- ആദർശ് ലൈല സുന്ദർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ശ്രീക്കുട്ടൻ ധനേഷ്. പ്രൊഡക്‌ഷൻ കൺട്രോളർ - ബിജു തോമസ്. ആശിർവ്വാദ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.