കൃഷാന്ദ്, മോഹൻലാൽ, മണിയൻപിള്ള രാജു
ദിലീഷ് പോത്തന്‍റെ സംവിധാനത്തിൽ നെടുങ്കണ്ടം മിറാക്കിൾ അനൗൺസ് ചെയ്തതിനു പിന്നാലെ മോഹൻലാൽ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത. ആവാസവ‍്യൂഹം, പുരുഷ പ്രേതം എന്നീ പരീക്ഷണ ചിത്രങ്ങളിലൂടെ മോളിവുഡിൽ തന്‍റെതായ ഇടം കണ്ടെത്തിയ കൃഷാന്ദിന്‍റെ ക‍്യാമറയ്ക്ക് മുന്നിലേക്ക് ലാലേട്ടൻ എത്തുന്നു.
ഇപ്പോഴിതാ ഇക്കാര‍്യത്തിൽ സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ മണിയൻപിള്ള രാജു. നിയോഗ് കൃഷ്ണയുടെ രചനയിൽ ചിത്രത്തിന്‍റെ തിരക്കഥ ജോലികൾ പുരോഗമിക്കുകയാണെന്നും ഛോട്ടാ മുംബൈ പോലെ പ്രേക്ഷകർക്ക് തിയെറ്ററിൽ ആഘോഷമാക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. മണിയൻപിള്ള രാജുവാണ് ചിത്രം നിർമിക്കുന്നത്.
ആസിഫ് അലി നായകനായി പുറത്തുവരാനിരിക്കുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്‍റെ തിരക്കഥയും ഖാലിദ് റഹ്മാന്‍റെ മട്ടാഞ്ചേരി മാഫിയ എന്ന ചിത്രത്തിന്‍റെ സഹ എഴുത്തുകാരനുമാണ് നിയോഗ് കൃഷ്ണ.
''മോഹൻലാൽ എന്ന ആക്റ്ററിൽ ഒളിഞ്ഞു കിടക്കുന്ന ഒരുപാട് സംഭവങ്ങളഅ് ഉണ്ടല്ലോ, അയാളുടെ കുട്ടിത്തം, ഹ‍്യൂമർ, ഡാൻസ്, പാട്ട് ഇതെല്ലാം ഉപയോഗിക്കണം. ഒരു മാസ് പടമെ ഞാൻ എടുക്കുന്നുള്ളൂ''. മണിയൻപിള്ള രാജു പറഞ്ഞു. പരീക്ഷണ ചിത്രങ്ങളുടെ രാജാവും നടന വിസ്മയം മോഹൻലാലും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തെ നോക്കി കാണുന്നത്.
മോഹൻലാൽ- കൃഷാന്ത് കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുമെന്ന് നേരത്തെ തന്നെ വിവിധ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിയലിസ്റ്റിക് ഡിറ്റക്റ്റീവ് കോമഡി ചിത്രമായിരിക്കും അതെന്ന് കൃഷാന്ത് അന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മണിയൻപിള്ള രാജു ഔദ‍്യോഗിക സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ കൃഷാന്ത് നേരത്തെ പറഞ്ഞതു പോലെ ഒരു ഡീറ്റക്റ്റീവ് കോമഡി ചിത്രമായിരിക്കുമോ ഇതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.