മേടയിൽ കൊച്ച് എന്ന കൊച്ചേട്ടനായി മുരളി ഗോപി, സൂപ്പർ ആക്ഷനുമായി ഷാജി കൈലാസിന്‍റെ 'വരവ്'
അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മുരളി ഗോപി. നിരനിരയായി അഭിനയിക്കുന്ന ഒരു നടനല്ല ഇദ്ദേഹം. അഭിനയ രംഗത്ത് ഇടക്കെക്കെ മാത്രമേ ഇദ്ദേഹത്തെ കാണാൻ കഴിയുകയുള്ളൂ. ആ സാന്നിദ്ധ്യം അവിസ്‌മരണീയമാക്കുവാൻ പോരുന്ന തന്‍റെ ഒരു കൈയൊപ് ആ കഥാപാത്രങ്ങളിലൂടെ പതിപ്പിക്കുവാനും പരമാവധി ശ്രമിക്കാറുണ്ട്.
ഇപ്പോഴിതാ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടനായി വീണ്ടും അരങ്ങുതകർക്കാൻ എത്തുകയാണ് മുരളി ഗോപി. ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തിൽ മുരളി ഗോപി എത്തുന്നത്. ഓൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്.
ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫുൾ ആക്ഷൻ പാക്ക്ട് ചിത്രമാണ് വരവ്. ഒരു നാടിനെ സമ്പത്തു കൊണ്ടും ആളും അർത്ഥവും കൊണ്ടും വെള്ളയിലൊതുക്കിയ കഥാപാത്രമാണ് മേടയിൽ കൊച്ച്. വെളുത്ത നീണ്ട ജൂബ്ബായും, മുണ്ടും അണിഞ്ഞ് ഇടക്ക് ആവശ്യം വന്നാൽ നീണ്ട നിറതോക്കുമായിട്ടാണ് കൊച്ചിനെ കാണാൻ കഴിയുക.സൗമ്യമായ ഭാഷയിൽ മാത്രം സംസാരിക്കുന്ന മേടയിൽ കൊച്ചിന്‍റെ ഉള്ളറിയുന്നവർ ചുരുക്കം. തന്‍റെ അധീതനയിലേക്ക് കാട്ടുങ്കൽ പോളച്ചൻ എത്തുന്നതോടെയാണ് മേടയിൽ കൊച്ചിന്‍റെ ജീവിതം ഏറെ സംഘർഷഭരിതമാകുന്നത്. കണ്ണിൽ കത്തുന്ന പ്രതികാരവുമായി എത്തുന്ന പോളച്ചനായി ജോജു ജോർജ് അരങ്ങുതകർക്കുന്നു. കാമ്പുള്ള ഒരു കഥയുടെ പിൻബലത്തിലൂടെ മികച്ച ആക്ഷൻ പാക്ക്ട് ചിത്രമായിട്ടാണ് വരവിനെ ഷാജി കൈലാസ് അവതരിപ്പിക്കുന്നത്.
എ.കെ. സാജനാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. മികച്ച എട്ട് ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. ഈ എട്ട് അക്ഷനുകളും എട്ട് ആക്ഷൻ കോറിയോഗ്രാഫേഴ്സാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും അക്ഷൻ കോറിയോഗ്രാഫേഴ്സ് ഒരു ചിത്രത്തിനു വേണ്ടി ഒത്തുചേരുന്ന ആദ്യ ചിത്രവുമായിരിക്കും വരവ് .
ജോജു ജോർജിനും മുരളി ഗോപിക്കും പുറമേ ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ അയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിന്‍റെ മാറ്റുകൂട്ടുന്നു .
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്- ജോമി ജോസഫ്, രാഹുൽ റെജി, ഛായാഗ്രഹണം - എസ്. ശരവണൻ, എഡിറ്റിങ്- ഷമീർ മുഹമ്മദ്, കലാസംവിധാനം സാബു റാം ,മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ- സമീര സനിഷ്, സ്റ്റിൽസ് - ഹരി തിരുമല, ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ,മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ജൂൺ മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തും.