മമ്മൂട്ടി, എം.വി. ഗോവിന്ദൻ
മമ്മൂട്ടിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മമ്മൂട്ടിയെപ്പോലെയുള്ളവർ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്മകമായിട്ടാണ് കാണുന്നത് എന്നാണ് ഗോവിന്ദൻ പറഞ്ഞത്. യോജിപ്പുള്ളവരോടും ഇല്ലാത്തവരോടും നല്ല രീതിയിൽ സംവദിക്കണം എന്ന് കരുതുന്ന പാർട്ടിയാണെന്നും വളഞ്ഞിട്ടാക്രമണത്തിന് തങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടി ലോകം അറിയുന്ന മലയാളത്തിന്റെ മഹാനടനാണ്. മമ്മൂട്ടിയെ പോലെയുള്ള ഒരാൾ ചിലപ്പോൾ വിമർശിച്ചിട്ടുണ്ടാകും. അതു ക്രിയാത്മകമായിട്ടാണ് കാണുന്നത്. യോജിപ്പുള്ളവരോടും ഇല്ലാത്തവരോടും നല്ല രീതിയിൽ സംവദിക്കണം എന്നു കരുതുന്ന പാർട്ടിയാണ്. വളഞ്ഞിട്ടാക്രമണത്തിന് ഞങ്ങളില്ല. സിപിഎമ്മിന് അങ്ങനെ ഒരു താൽപ്പര്യമില്ല.- എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കഴിഞ്ഞ ദിവസം മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സൈബർ ആക്രമണം രൂക്ഷമായത്. എസ്എഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരും മാത്രമല്ല കക്ഷിരാഷ്ട്രീയത്തിലധീതമായി എല്ലാ മേഖലകളിലുള്ളവരെയും കാണാൻ പോവുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.