'നന്ദഗോവിന്ദം' എമിഗ്രേഷൻ വകുപ്പിന്‍റെ പിടിയിൽ അല്ല; കാനഡ വിവാദത്തിൽ പ്രതികരിച്ച് നവീനും പ്രവീണും

 
Entertainment

"നന്ദഗോവിന്ദം എമിഗ്രേഷൻ വകുപ്പിന്‍റെ പിടിയിൽ അല്ല"; കാനഡ വിവാദത്തിൽ പ്രതികരിച്ച് നവീനും പ്രവീണും

എഡ്മൻടണിലെ ഷോയ്ക്ക് വേണ്ടത്ര സൗകര്യങ്ങൾ സംഘാടകർ ചെയ്തു തന്നില്ലെന്നാണ് നവീൻ ആരോപിക്കുന്നത്.

Entertainment Desk

കൊച്ചി: കാനഡയിലെ പരിപാടിയുമായി ബന്ധുപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസിലെ ഗായകർ. സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച വിഡിയോയിലൂടെയാണ് ഇവർ വിവാദ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. നിയമവിരുദ്ധമായി തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും കാനഡയിലെ എമിഗ്രേഷൻ വകുപ്പിന്‍റെ പിടിയിലാണ് തങ്ങളെന്ന വാർത്തകൾ വ്യാജമാണെന്നും സംഘം വ്യക്തമാക്കി. കാനഡയിൽ നിന്ന് പരിപാടി പൂർത്തിയാക്കിയ ശേഷം സിംഗപ്പൂരിലേക്ക് പോയെന്നും ഇവിടെ നിന്നും ഉടൻ തന്നെ ന്യൂസിലൻഡിലേക്കു പോകുമെന്നുമാണ് ഭജൻസിലെ പ്രധാന ഗായകനായ നവീൻ മോഹൻ പറയുന്നത്.

കുറച്ചു കാലമായി സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങൾക്കെതിരേ ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതിനൊന്നും ഇപ്പോൾ മറുപടി പറയുന്നില്ല. എന്തെങ്കിലും പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അഹങ്കാരികളാകും. അതു കൊണ്ട് സത്യാവസ്ഥ എന്താണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം, അത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന ആമുഖത്തോടെയാണ് ഭജൻസ് സംഘം വിഡിയോ തുടങ്ങിയിരിക്കുന്നത്.

കാനഡയിൽ ത്രിവേണി ഫൈൻ ആർട്സുമായി ചേർന്ന് 7 പ്രോഗ്രാമുകളാണ് ബുക്ക് ചെയ്തിരുന്നത്. സംഘത്തിലെ പ്രവീൺ താമസിക്കുന്ന കാൽഗരിയിൽ പരിപാടി അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നതിനാൽ പേഴ്സണൽ അക്കൗണ്ട് വഴി അവിടെയും പ്രോഗ്രാം അനൗൺസ് ചെയ്തിരുന്നു. എന്നാൽ കാൽഗരിയിൽ പരിപാടി നടത്തുന്നതിനെ ത്രിവേണി ഫൈൻ ആർട്സ് എതിർത്തു. എഡ്മൻടണിലെ പരിപാടിയിലേക്കുള്ള ടിക്കറ്റ് വിൽപ്പന പൂർത്തിയായതിനു ശേഷം കാൽഗരിയിസലെ ഷോ പ്രഖ്യാപിച്ചാൽ മതിയെന്നാണ് പിന്നീട് ത്രിവേണിയുമായി സംസാരിച്ചപ്പോൾ ധാരണയിലെത്തി. എഡ്മൻടണിലെ ഷോ ‌കഴിഞ്ഞതിനു ശേഷം പേഴ്സണൽ സോഷ്യൽമീഡിയാ പേജിലൂടെയാണ് കാൽഗരിയിലെ ഷോ വീണ്ടും അനൗൺസ് ചെയ്തതെന്ന് പ്രവീൺ പറയുന്നു.

എന്നാൽ പരിപാടി അനൗൺസ് ചെയ്യുന്നതിനു മുൻപ് തങ്ങളെ അറിയിച്ചില്ലെന്നാണ് ത്രിവേണി ആരോപിക്കുന്നത്. അതു ശരിയല്ലെന്നും അവരോട് കൃ‌ത്യമായി ഇക്കാര്യം അറിയിച്ചിരുന്നുവെന്നും കാൽഗരി ഷോയുടെ ടിക്കറ്റിന്‍റെ കാര്യങ്ങൾ വരെ അറിയിച്ചിരുന്നുവെന്നും പ്രവീൺ പറയുന്നു. ഇക്കാര്യങ്ങളിൽ അഭിപ്രായ ഭിന്നത നില നിൽക്കുന്നതു കൊണ്ട് തന്നെ എഡ്മൻടണിലെ ഷോയ്ക്ക് വേണ്ടത്ര സൗകര്യങ്ങൾ സംഘാടകർ ചെയ്തു തന്നില്ലെന്നാണ് നവീൻ ആരോപിക്കുന്നത്. സൗണ്ട് ചെക്കിനുള്ള സൗകര്യം പോലും നിഷേധിച്ചു. അവിടത്തെ എൻജിനീയർമാർ സഹായിക്കാൻ തയാറായിരുന്നില്ല. പരിപാടി വേണമെങ്കിൽ ചെയ്തിട്ട് പോയാൽ മതി എന്ന നിലപാടായിരുന്നു. എന്നിട്ടും നല്ല രീതിയിൽ പരിപാടി നടത്തി. പരിപാടി അവസാനിച്ച ശേഷം കാണികളുമായി കാണാനോ സെൽഫീ എടുക്കാനോ ഉള്ള അവസരം പോലും ലഭിച്ചില്ലെന്നും അതിൽ വിഷമം പ്രകടിപ്പിച്ച് നിരവധി പേർ മെസേജുകൾ അയച്ചിരുന്നുവെന്നും അത് ഞങ്ങളുടെ തെറ്റ് അല്ലെങ്കിൽ പേലും അതിൽ ക്ഷമ ചോദിക്കുന്നുവെന്നും നവീൻ പറയുന്നു.

കാൽഗറിയിലെ ഷോ അനൗൺസ് ചെയ്തതിനു ശേഷം അവർ നിരന്തരമായി തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനം സൃ‌ഷ്ടിച്ചിരുന്നുവെന്നും നവീൻ പറയുന്നു.

നന്ദഗോവിന്ദം ഭജൻസ് കാനഡയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓർഗനൈസേഷൻ ആണ്. രണ്ടു വർഷമായി ടാക്സ് അടക്കുന്നുമുണ്ട്. അവിടത്തെ നിയമങ്ങൾ പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും നവീൻ വ്യക്തമാക്കിയിട്ടുണ്ട്.