സജിൻ ഗോപു, നിഖില വിമൽ - ധൂമകേതു.
'ധൂമകേതു'വിലെ 'അനുരാഗ രൂപവതി' എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. 'നെയ്മറി'നു ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന, 'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് ധൂമകേതു. സജിൻ ഗോപുവും നിഖില വിമലും ഒന്നിക്കുന്ന കല്യാണ ദൃശ്യങ്ങളാണ് ഗാനരംഗത്തിലുള്ളത്.
വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് അങ്കിത് മേനോനാണ് ഈണം നൽകിയിരിക്കുന്നത്. സിയ ഉൽ ഹഖും അങ്കിത് മേനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സെപ്റ്റംബർ 25-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ആദ്യ കേൾവിയിൽ തന്നെ അറിയാതെ ആരും താളം പിടിച്ചുപോകുന്ന രീതിയിലുള്ളതാണ് ഗാനം.
സജിൻ ഗോപുവും നിഖില വിമലും ഒപ്പം ഷൈൻ ടോം ചാക്കോയും ഗണപതിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായുള്ളത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളുമായാണ് 'ധൂമകേതു' ഫസ്റ്റ് ലുക്ക് എത്തിയിരുന്നത്.
സിദ്ധാർത്ഥ് ഭരതൻ, മഞ്ജു പിള്ള തുടങ്ങിയവരും അണിനിരക്കുന്ന വലിയ താരനിര ചിത്രത്തിലുണ്ട്. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. വിതരണം: ഭാവന റിലീസ്, ഛായാഗ്രഹണം: ജിന്‍റോ ജോർജ്, എഡിറ്റർ: വിവേക് ഹർഷൻ, പിആർഒ: ആതിര ദിൽജിത്ത്.