ഒമർ ലുലു, ഷറഫുദ്ദീൻ
നടൻ ഷറഫുദ്ദീൻ ഫോൺ എടുക്കുന്നില്ലെന്ന പരാതിയുമായി സംവിധായകൻ ഒമർ ലുലു. ഒരു സിനിമയുടെ കഥ പറയാൻ രണ്ട് മാസമായി ഷറഫുദ്ദീനെ വിളിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ കിട്ടുന്നില്ല എന്നുമാണ് ഒമർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രധാനമന്ത്രിയുടെ ഡേറ്റ് കിട്ടാൻ ഇത്ര പാടില്ല എന്നാണ് ഒമറിന്റെ പരിഹാസം.
ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിൽ ഷറഫുദ്ദീൻ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഈ സിനിമയ്ക്ക് ശേഷം ഷറഫുദ്ദീനുമായി സിനിമ ചെയ്തിട്ടില്ല. ഒരു കഥ കേട്ടപ്പോൾ അതിലെ ഒരു കഥാപാത്രം ഷറഫുദ്ദീന് നന്നായിരിക്കുമെന്ന് തോന്നിയെന്നും അതുകൊണ്ടാണ് ആറു വർഷത്തിനു ശേഷം വിളിച്ചതെന്നും ഒമർ കുറിപ്പിൽ പറയുന്നു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫുദ്ദീൻ പറഞ്ഞെങ്കിലും പിന്നീട് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നാണ് ഒമറിന്റെ ആരോപണം.
ഒമർ ലുലുവിന്റെ കുറിപ്പ് വായിക്കാം
ഷറഫേ...ഞങ്ങൾ ഒന്നിച്ച 100 ദിവസം ഓടിയ ‘ഹാപ്പി വെഡ്ഡിങ്’ എന്ന സിനിമയ്ക്ക് ശേഷം പത്ത് വർഷം കഴിഞ്ഞു ഞാന്‍ ഷറഫുദ്ദീനുമായി വർക്ക് ചെയ്തിട്ട്. രണ്ട് പുതിയ പയ്യൻമാർ വന്ന് പറഞ്ഞ കഥ കേട്ടപ്പോൾ, ഈ കഥാപാത്രം ഷറഫ് ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി,അങ്ങനെ 6 വർഷത്തിന് ശേഷം ഞാന്‍ ഷറഫിനെ വിളിച്ചു..
കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂർത്തിയായ സമയമായിരുന്നു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. ഞാൻ ബാക്കി എഴുത്തുമായി മുന്നോട്ടുപോയി. ഇതിനിടയ്ക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാൻ പ്ലാൻ ചെയ്തു പക്ഷേ ഒന്നും കൂടി സ്ക്രിപ്പ്റ്റ് നന്നാക്കിയിട്ട് കാണാമെന്ന് ഞാന്‍ വിചാരിച്ചു..
പക്ഷേ ഇപ്പോൾ സ്ക്രിപ്പ്റ്റ് 80 ശതമാനം കഴിഞ്ഞു ഇനി അർട്ടിസ്റ്റിനെ കൺഫോം ചെയ്തു വേണം സ്ക്രിപ്പ്റ്റ് പൂർത്തീകരിക്കാൻ,എന്നാൽ ഷറഫ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല രണ്ട് മാസമായി! ഒരു മാസം ശ്രമിച്ചാൽ പ്രധാനമന്ത്രിയുടെ അപ്പോയിൻമെന്റ് വരെ കിട്ടുന്ന നമ്മുടെ രാജ്യത്ത്..എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല.