അജയ് ദേവ്ഗൺ
മുംബൈ: നിരോധിത പാൻ മസാലകളുടെ പരസ്യത്തിൽ അഭിനയിച്ചതിന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നോട്ടീസ് അയച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് നടൻ അജയ് ദേവ്ഗൺ. എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെയ്ക്കെതിരേ നടൻ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. എഫ്ഡിഎ നൽകിയ കാരണം കാണിക്കൽ നിയമവിരുദ്ധമാണ് എന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
പരസ്യം നൽകിയ കമ്പനിക്കോ നിർമാതാക്കൾക്കോ എതിരേ നടപടിയെടുക്കാതെ അതിൽ അഭിനയിച്ച താരത്തിനു മാത്രമായി നോട്ടീസ് നൽകിയത് തെറ്റായ നടപടിയാണ് എന്നാണ് അജയ് ദേവ്ഗൺ ഹർജിയിൽ പറയുന്നത്. സംസ്ഥാനത്ത് പൂർണമായി നിരോധിച്ചുള്ള പാൻമസാലയെ വിമൽ ഏലച്ചി എന്ന പേരിൽ പ്രചരിപ്പിച്ചു എന്ന് പറഞ്ഞാണ് നടനെതിരേ നടപടി എടുത്തത്. അജയ് ദേവ്ഗണിനൊപ്പം തന്നെ ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാൻ, ടൈഹർ ഷ്രോഫ് എന്നിവർക്കെതിരേയും നോട്ടീസ് അയച്ചിട്ടുണ്ട്.