പ്രഭാസ് ചിത്രം 'സ്പിരിറ്റ്' 2027 ഒക്റ്റോബർ 29ന് തിയെറ്ററുകളിലെത്തും

 
Entertainment

പ്രഭാസ് ചിത്രം 'സ്പിരിറ്റ്' 2027 ഒക്റ്റോബർ 29ന് തിയെറ്ററുകളിലെത്തും

ഞായറാഴ്ച തന്‍റെ എക്സ് അക്കൗണ്ടിലൂടെ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്

Sarath Nath MS

'ബാഹുബലി' താരം പ്രഭാസ് നായകനാകുന്ന 'സ്പിരിറ്റ്' 2027 ഒക്റ്റോബർ 29ന് ആഗോള തലത്തിൽ റിലീസ് ചെയ്യും. തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക. 'അനിമൽ', 'കബീർ സിങ്', എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഞായറാഴ്ച തന്‍റെ എക്സ് അക്കൗണ്ടിലൂടെ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്. 2027ലെ ദീപാവലി റിലീസായാണ് ചിത്രം തിയെറ്ററുകളിലെത്തുക. പ്രഭാസിന്‍റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് റിലീസ് തീയതി പുറത്തുവിട്ടത്.

ഭൂഷൺ കുമാറിന്‍റെ ടി-സീരിസും വംഗയുടെ ഭദ്രകാളി പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രഭാസും തൃപ്തി ദിമ്രിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഭൂഷൺ കുമാറും സന്ദീപ് റെഡ്ഡി വംഗയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. നേരത്തെ 'കബീർ സിങ്', 'അനിമൽ' എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്.

സ്പിരിറ്റിൽ കരുത്തുറ്റ പൊലീസ് ഉദ്യോഗസ്ഥന്‍റെ റോളിലാണ് പ്രഭാസ് എത്തുന്നത്. നേരത്തെ ബോളിവുഡ് സൂപ്പർതാരം ദീപിക പദുക്കോണിനെ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വെളിപ്പെടുത്താത്ത ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് താരം ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു. തുടർന്ന് തൃപ്തി ദിമ്രിയെ കാസ്റ്റ് ചെയ്തു.