പ്രകാശ് രാജ്
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ തുറന്ന സമരം പ്രഖ്യാപിച്ച കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പ്രകാശ് രാജ്. ഗാന്ധി ജയന്തി ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലാണ് പ്രകാശ് രാജ് സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ വധിച്ച വ്യക്തിയെ വാഴ്ത്തുന്ന ചില ഗുണ്ടകൾ ഇവിടെ ഉണ്ടെന്ന് മറക്കരുതെന്നും താരം ഓർമിപ്പിച്ചു.
‘ഗാന്ധി ജയന്തി ആശംസകൾ. ഇത് ബാപ്പുവിന്റെ ദിനമാണ്. എന്നാൽ നമ്മൾ ഈ ദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ മഹാത്മാവിനെ കൊന്ന ഗോഡ്‌സെയെ വാഴ്ത്തുന്ന ചില ഗുണ്ടകൾ ഉണ്ടെന്ന് നമ്മൾ മറക്കരുത്. എസ്ഐആർ വഴി നമ്മുടെ പൗരത്വത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന അതേ ഗുണ്ടകളാണിവർ. എന്നാൽ ഇവിടത്തെ പുതിയ തലമുറ ഇത് സംഭവിക്കാൻ അനുവദിക്കില്ല എന്നാണ് പ്രകാശ് രാജ് പറഞ്ഞത്.
അവകാശങ്ങൾക്കുവേണ്ടിയുള്ള സിജെപിയുടെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഡൽഹിയിൽ നേഹ ബോറ അതിന് നേതൃത്വം നൽകുന്നു. മുംബൈയിൽ പാറ്റകൾ തിരിച്ചെത്തിയിരിക്കുന്നു. പോകുക. നമ്മുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ഈ സമാധാനപരമായ പ്രതിഷേധത്തിൽ അവർക്കൊപ്പം നിൽക്കുക, പങ്കെടുക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു പ്രകാശ് രാജിന്റെ വിമർശനം. എന്റെ സുഹൃത്തേ, നിങ്ങളോടാണ്. ഗണപതി നിമജ്ജനം ഈ നാട്ടിൽ കഴിഞ്ഞു. ജ്ഞാനേഷ് കുമാർ നിമജ്ജനം ബാക്കിയാണ്. - താരം കൂട്ടിച്ചേർത്തു.