രാം ഗോപാൽ വർമ
സത‍്യ, രംഗീല, കമ്പനി അടക്കം നിരവധി ബോളിവുഡ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് രാം ഗോപാൽ വർമ. സമൂഹത്തിലും ചലചിത്ര മേഖലയിലും നടക്കുന്ന കാര‍്യങ്ങളെ പറ്റി അദ്ദേഹം തന്‍റെ അഭിപ്രായം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രാം ഗോപാൽ വർമയുടെ അത്തരത്തിലൊരു അഭിപ്രായം ശ്രദ്ധനേടുകയാണ്.
അക്രമങ്ങൾ വർധിക്കുന്നതിന് സിനിമകളെ കുറ്റപ്പെടുത്തുന്നത്, തട്ടിക്കൊണ്ടുപോകലുകൾ വർധിക്കുന്നതിന് രാമായണത്തെ കുറ്റപ്പെടുത്തുന്നതു പോലെയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. സംവിധായകന്‍റെ ട്വീറ്റ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
നിരവധി പേർ ഇതിനോടകം രാം ഗോപാൽ വർമയുടെ പോസ്റ്റിന് പ്രതികരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലുള്ള സ്കൂളിൽ അടുത്തിടെ പത്താം ക്ലാസ് വിദ‍്യാർഥി ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനു പിന്നാലെയാണ് രാം ഗോപാൽ വർമ രംഗത്തെത്തിയിരിക്കുന്നത്.